രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്ന ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ

Update: 2025-12-12 06:01 GMT

തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഹെലികോപ്ടര്‍ താഴ്ന്ന ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ. മൂന്നു താത്കാലിക ഹെലിപാഡ് തയാറാക്കാനാണ് 20.7 ലക്ഷം ചെലവായത്. ബില്ല് പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരിന് ഭരണാനുമതിക്കായി സമര്‍പ്പിച്ചതോടെയാണ് തുക പുറത്തുവന്നത്. ശബരിമല ദര്‍ശനമടക്കം നാലു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടായിരുന്നു രാഷ്ട്രപതി കേരളത്തിലെത്തിയത്. തലേന്ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി ഒക്ടോബര്‍ 22 ബുധനാഴ്ച രാവിലെ 8.40നു ശബരിമല സന്ദര്‍ശനത്തിനായി ഹെലികോപ്ടറില്‍ വന്നിറങ്ങുകയായിരുന്നു. ഹെലികോപ്ടര്‍ നിലക്കലില്‍ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായതിനാല്‍ പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇറക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഹെലിപാഡ് തയാറാക്കി കോണ്‍ക്രീറ്റ് ചെയ്തിരുന്നത്. കോണ്‍ക്രീറ്റ് പ്രതലം ഉറക്കാത്തതാണ് ടയര്‍ താഴ്ന്നു പോകാനിടയാക്കിയത്.

രാഷ്ട്രപതി ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴുകയായിരുന്നു. ചക്രങ്ങള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നതോടെ പോലിസും അഗ്നിരക്ഷ സേനയും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളിനീക്കുകയായിരുന്നു. സംഭവം സുരക്ഷ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും പോലിസ് മേധാവിക്കും പരാതി ലഭിച്ചിരുന്നു. അശാസ്ത്രീയ നിര്‍മാണം കാരണമാണ് അപകടമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്നായിരുന്നു സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്. ഹെലികോപ്ടര്‍ യാത്രയുടെ മേല്‍നോട്ടം വ്യോമസേനക്കായിരുന്നു. ലാന്‍ഡിങ് ഉള്‍പ്പെടെ ഭൗതിക സൗകര്യങ്ങള്‍ ഒരുകിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തിലാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്.

Tags: