രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ ടിആര്‍എസ് പിന്തുണക്കും
ന്യൂഡല്‍ഹി: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസംകൂടി ശേഷിക്കെ തെലങ്കാന രാഷ്ട്രസമിതി, പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു.
പാര്‍ട്ടി പ്രതിനിധിയായി തെലങ്കാന മന്ത്രി കെ ടി രാമറാവു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മമത വിളിച്ചയോഗത്തില്‍ ടിആര്‍എസ് പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസ്സിനെ യോഗത്തിന് വിളിച്ച സാഹചര്യത്തിലായിരുന്നു ടിആര്‍എസ്സിന്റെ പ്രതികരണം. കോണ്‍ഗ്രസ്സുമായി വേദി പങ്കിടുന്ന പ്രശ്‌നമുദിക്കില്ലെന്നായിരുന്നു ടിആര്‍എസ് നിലപാട്.
അതിനിടയില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ ഇന്ന് പത്രിക സമര്‍പ്പിക്കും. പാര്‍ലമെന്റില്‍ റിട്ടേണിങ് ഓഫിസര്‍ പി സി മോദിക്ക് മുമ്പാകെ 12 മണിക്കാണ് പത്രിക സമര്‍പ്പിക്കുക.
കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി പ്രസിഡന്റ് ശരദ് പവാര്‍ തുടങ്ങിയ നേതാക്കള്‍ സിന്‍ഹക്ക് ഒപ്പമുണ്ടാകും. എതിര്‍ സ്ഥാനാര്‍ഥിയായ ബിജെപിയുടെ ദ്രൗപദി മുര്‍മു കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അടുത്തമാസം 25നാണ് അവസാനിക്കുക. 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.
