രാഷ്ട്രപതി തിരഞ്ഞെടുപ്പ്: മമതയും ശരത്പവാറും കൂടിക്കാഴ്ച നടത്തി

Update: 2022-06-14 17:34 GMT

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ശരത് പവാറും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കളുടെ യോഗത്തിനു മുന്നോടിയായിരുന്നു കൂടിക്കാഴ്ച.

'ഞങ്ങളുടെ ബഹുമാനപ്പെട്ട ചെയര്‍പേഴ്‌സണ്‍ മമത ഇന്ന് ശരത് പവാറിനെ കണ്ടു. പ്രതിപക്ഷ ശക്തികളുടെ യോഗത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. നാളെ ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വച്ചാണ് യോഗം നടക്കുന്നത്. രാജ്യത്തെ വിഘടിപ്പിക്കുന്ന ശക്തികളെ ചെറുക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നു''-തൃണമൂല്‍ ട്വീറ്റ് ചെയ്തു.

81 വയസ്സുള്ള ശരത്പവാറിനെ പൊതുസ്ഥാനാര്‍ത്ഥിയാക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ശരത് പവാര്‍ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളാണ്. മുന്‍ കേന്ദ്ര മന്ത്രിയാണ്, മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നു.

ജൂണ്‍ 15നാണ് പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം വിളിച്ചിരിക്കുന്നത്. മമതയാണ് ശ്രമം നടത്തുന്നത്. 2024 തിരഞ്ഞെടുപ്പ് യോജിച്ച് നേരിടുന്നതിന്റെ ഭാഗംകൂടിയാണ് ഇത്.

രാജ്യത്തെ 22 പ്രതിപക്ഷ നേതാക്കള്‍ക്ക് മമത കത്തെഴുതിയിരുന്നു. ഇടത് പാര്‍ട്ടികള്‍, സോണിയാഗാന്ധി, എം കെ സ്റ്റാലിന്‍, അരവിന്ദ് കെജ്രിവാള്‍, ഉദ്ദവ് താക്കറെ, ശരത് പവാര്‍, ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ക്കാണ് കത്ത്. സിപിഐ യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News