ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്; മല്‍സര രംഗത്ത് മൂന്ന് സ്ഥാനാര്‍ഥികള്‍

Update: 2022-07-20 01:04 GMT

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്ക ഇന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. 44 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റില്‍ നേരിട്ട് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മൂന്നു സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ജനകീയ കലാപത്തെത്തുടര്‍ന്നു ഗോത്താബയ രാജപക്‌സെ പലായനം ചെയ്തതോടെ പ്രസിഡന്റിന്റെ പദവികൂടി വഹിക്കുന്ന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എല്‍പിപി) വിഘടിതവിഭാഗം നേതാവ് ദുള്ളാസ് അലഹപ്പെരുമ, ഇടതുകക്ഷിയായ ജനത വിമുക്തി പെരുമുന (ജെവിപി)യുടെ അനുര കുമാര ദിസനായകെ എന്നിവരാണ് മല്‍സരരംഗത്തുള്ളത്. മുഖ്യപ്രതിപക്ഷമായ സമാഗി ജന ബലവേഗേയ നേതാവ് സജിത് പ്രേമദാസ അവസാനനിമിഷം മല്‍സരരംഗത്തുനിന്നു പിന്‍മാറി.

ഭരണത്തിനു നേതൃത്വം നല്‍കുന്ന എസ്എല്‍പിപിയുടെ ഔദ്യോഗിക പിന്തുണ വിക്രമസിംഗെയ്ക്കാണ്. എന്നാല്‍, മുന്‍ വിദ്യാഭ്യാസമന്ത്രി കൂടിയായ അലഹപ്പെരുമയ്‌ക്കൊപ്പം ഒരുവിഭാഗം നിലയുറപ്പിച്ചിരിക്കുകയാണ്. രാജപക്‌സെ വിരുദ്ധവികാരമാണ് ഇവരെ ഒന്നിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭത്തോട് അനുഭാവം പ്രകടിപ്പിച്ചാണ് അലഹപ്പെരുമ ഉള്‍പ്പെടെ 10 എംപിമാര്‍ ഭരണമുന്നണി വിട്ടത്. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ മല്‍സരരംഗത്തുനിന്നു പിന്‍മാറിയത് അലഹപ്പെരമയുമായുള്ള ധാരണയെത്തുടര്‍ന്നാണെന്നും റിപോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രിയായി സജിത് പ്രേമദാസയെ പിന്തുണയ്ക്കാമെന്നാണ് ഫോര്‍മുല. പ്രധാനമന്ത്രിയായി പ്രേമദാസയെ അനുകൂലിക്കുകയാണെന്ന് എസ്എല്‍പിപി ചെയര്‍മാന്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.

ആറുതവണ പ്രധാനമന്ത്രിയായ 73കാരനായ റനില്‍ വിക്രമസിംഗെയാണ് കടലാസില്‍ ഇപ്പോഴും പ്രബലന്‍. എന്നാല്‍, പാര്‍ലമെന്റില്‍ ഒരൊറ്റ സീറ്റ് മാത്രമാണ് റനിലിന്റെ പാര്‍ട്ടിക്കുള്ളത്. റനിലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ തെരുവില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. 225 അംഗ സഭയില്‍ 113 പേരുടെ പിന്തുണയാണ് വിജയിക്കാന്‍ വേണ്ടത്. റെനില്‍ വിക്രമസിംഗെയ്ക്ക് 13 പേരുടെയും ഡള്ളസ് അളഹപ്പെരുമ്മയ്ക്ക് 25 വോട്ടുകളുടെയും കുറവാണുള്ളത്. എസ്എല്‍പിപിയിലെ 45 അംഗങ്ങള്‍ തനിക്ക് ഒപ്പം നില്‍ക്കുമെന്നാണ് ഡള്ളസ് അളഹപ്പെരുമയുടെ അവകാശവാദം. ഗോതബയയുടെ കാലാവധി അവസാനിക്കുന്ന 2024 വരെയാണു പുതിയ പ്രസിഡന്റ് തുടരുക.

Tags:    

Similar News