രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ദ്രൗപതി മുര്‍മു ബഹുദൂരം മുന്നില്‍

Update: 2022-07-21 12:02 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുളള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു ബഹുദൂരം മുന്നിലെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹക്ക് തിരഞ്ഞെടുപ്പില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല.

മുര്‍മു ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാവുമെന്ന് ഉറപ്പായി. ഈ പദവിയിലെത്തുന്ന ആദ്യ ഗോത്രവര്‍ഗക്കാരിയും മുര്‍മുവാണ്.

ഇതുവരെയുള്ള വിവരമനുസരിച്ച് 748 വോട്ടുകളില്‍ മുര്‍മു 540ഉം സിന്‍ഹ 204ഉം നേടി.

പാര്‍ലമെന്റിലെയും നിയമസഭകളിലെയും അംഗങ്ങള്‍ എല്ലാം ചേര്‍ന്ന് 5.2 ലക്ഷം വോട്ട് മൂല്യമാണ് ആകെയുള്ളത്. അതില്‍ മുര്‍മു 3.8 ലക്ഷവും സിന്‍ഹ 1.4 ലക്ഷവും നേടി.

എംഎല്‍എമാരുടെ വോട്ടുകള്‍ക്കൂടി എണ്ണിത്തീരുമ്പോള്‍ ഏകദേശം രാത്രി 8 മണിയാവും. ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുളള പ്രക്രിയയും അതോടെ അവസാനിക്കും. ഇതുവരെയുള്ള പ്രവണതയനുസരിച്ച് മുര്‍മു പ്രസിഡന്റാവുമെന്ന കാര്യം ഉറപ്പാണ്.

ഇതുവരെ ആകെ 72 ശതമാനം വോട്ടാണ് മുര്‍മു നേടിയത്. ആദ്യം കണക്കുകൂട്ടിയതിനേക്കാള്‍ അധികമാണ് ഇത്. ഇന്ത്യയുടെ രണ്ടാമത്തെ വനിതാ രാഷ്ട്രപതി കൂടിയായിരിക്കും മുര്‍മു.

മുര്‍മുവിന്റെ ജന്മനാട്ടില്‍ ഇതിനകം ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 20,000 മധുരപലഹാരങ്ങള്‍ അവിടെ തയ്യാര്‍ചെയ്തിട്ടുണ്ട്.

പാര്‍ലമെന്റ് ഹൗസില്‍ ഉച്ചക്ക് ഒന്നരയോടെയാണ് എണ്ണല്‍ തുടങ്ങിയത്.

Tags:    

Similar News