തിരുവനന്തപുരം: മയക്കു മരുന്ന് കേസുകളില്‍ ആവര്‍ത്തിച്ച് പ്രതികളാവുന്നവരുടെ കേസ് ഹിസ്റ്ററി കോടതിയില്‍ നല്‍കി ജാമ്യം കിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും സ്ഥിരം മയക്കു മരുന്ന് കുറ്റവാളികളെക്കുറിച്ചുള്ള വിവരശേഖരണം നടത്തി ഡാറ്റാബാങ്ക് എക്‌സൈസും പൊലിസും തയ്യാറാക്കി സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി.
മയക്കു മരുന്ന് മാഫിയ ചെറിയ കുട്ടികളെ അടക്കം ഉപഭോക്താക്കളും വാഹകരുമാക്കി മാറ്റുന്നു. സ്‌കൂളിനകത്ത് മയക്കു മരുന്ന് വ്യാപനം നടക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഒരു സ്‌കൂളില്‍ പരിശോധന നടത്തിയപ്പോള്‍ ഒരു കുട്ടിയുടെ ബാഗില്‍ പത്ത് സ്‌കൂളുകളുടെ യൂനിഫോമുകളാണ് കണ്ടത്. ഈ കുട്ടിയെ കാരിയറായി ഉപയോഗിക്കുകയായിരുന്നു.
മയക്കു മരുന്ന് ഉപയോഗിക്കുന്നതില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല എന്നതാണ് വാസ്തവം. ചെറിയ കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ എന്നൊന്നും കരുതി ആശ്വസിക്കാനാവില്ല. എന്തെങ്കിലും വ്യതിയാനം കുട്ടികളില്‍ വരുന്നുണ്ടോ എന്ന് രക്ഷിതാക്കള്‍ നോക്കണം. ചിലയിടങ്ങളില്‍ മയക്കു മരുന്ന് കച്ചവടക്കാര്‍ സ്‌കൂളിന് അകത്തേക്ക് എത്തുന്നു. സ്‌കൂള്‍ സമയത്ത് സ്‌കൂളിലും സ്‌കൂള്‍ പരിസരത്തും ആവശ്യമില്ലാത്ത ആരും കടന്നു വരരുത്. ഇത്തരക്കാരെ അധ്യാപകര്‍ക്ക് വേഗം തിരിച്ചറിയാനാകും. ഒറ്റപ്പെട്ട ചില കുട്ടികള്‍ മയക്കു മരുന്നുപയോഗിക്കുന്നത് കണ്ടാല്‍ സ്‌കൂളിന്റെ സല്‍പ്പേരിന് മോശമെന്ന് കരുതി മിണ്ടാതിരിക്കരുത്. അത് കൂടുതല്‍ കുട്ടികളെ അപകടത്തിലാകും. അത് തിരുത്തിക്കണം. മറ്റ് കുട്ടികള്‍ അതിലേക്ക് വീഴാതെ നോക്കണം. സ്‌കൂള്‍ പരിസരത്തെ കടകളില്‍ മയക്കു മരുന്ന് വില്‍പ്പന നടക്കുന്ന സ്ഥിതി ഉണ്ടായാല്‍ കട അടപ്പിക്കണം. പിന്നീട് തുറക്കാന്‍ കഴിയാത്ത നില ഉണ്ടാകണം. എല്ലാ കടയിലും ഇവിടെ മയക്കു മരുന്ന് വില്‍പ്പന ഇല്ല എന്ന ബോര്‍ഡ് സ്ഥാപിക്കണം. അത്തരം കാര്യം കണ്ടാല്‍ അറിയിക്കേണ്ട എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറും വിലാസവും പ്രദര്‍ശിപ്പിക്കണം. മയക്കുമരുന്ന് മാഫിയക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളും സംഘടനകളും രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
