സ്വര്‍ണമാല നല്‍കാത്തതിന്റെ പേരില്‍ ഗര്‍ഭിണിയെ തീകൊളുത്തി കൊലപ്പെടുത്തി; ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരേ കേസ്
പട്‌ന: സ്ത്രീധനമായി സ്വര്‍ണമാല ലഭിക്കാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയെ തീകൊളുത്തി കൊലപ്പെടുത്തി. ബിഹാറിലെ നളന്ദ ജില്ലയില്‍ മെഹ്‌തെര്‍മ ഗ്രാമത്തിലാണ് സംഭവം. സ്തുതി കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മരണസമയത്ത് സ്തുതി രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവ് ചിന്തുകുമാറിന്റെ മാതാപിതാക്കളാണ് സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയത്. പ്രതികള്‍ ഒളിവിലാണെന്ന് പോലിസ് അറിയിച്ചു.
ഒന്‍പത് മാസം മുന്‍പാണ് സ്തുതിയും ചിന്തുകുമാറും വിവാഹിതരായത്. വിവാഹസമയത്ത് സ്ത്രീധനമായി സ്വര്‍ണമാല നല്‍കാമെന്ന് സ്തുതിയുടെ കുടുംബം ഉറപ്പ് നല്‍കിയിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അത് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സ്തുതിക്ക് ഭര്‍തൃവീട്ടില്‍ നിരന്തരമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നത്. കൊലപാതകത്തിന് രണ്ടു ദിവസം മുന്‍പ് സ്തുതിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഭവദിവസം സ്തുതിയെ മര്‍ദ്ദിച്ചതിന് ശേഷം ദേഹത്ത് എണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. സ്തുതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.