സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തക്ക് പിആര്‍ഡി 'ഫേക്' മുദ്ര നല്‍കി : വിവാദമായപ്പോള്‍ പോസ്റ്റ് മുക്കി

സമൂഹ മാധ്യമങ്ങളിലോ അച്ചടി, ദൃശ്യ മാധ്യമങ്ങളിലോ വരുന്ന വാര്‍ത്തകളില്‍ സംശയം തോന്നിയാല്‍ സത്യാവസ്ഥ അറിയിക്കാനുള്ളതാണ് പിആര്‍ഡിയുടെ പുതിയ സംവിധാനമായ ഫാക്ട് ചെക് വിഭാഗം.

Update: 2020-08-19 05:56 GMT

കോഴിക്കോട്:  മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളുടെ നെല്ലും പതിരും വേര്‍തിരിക്കാനിറങ്ങിയ പിആര്‍ഡി വകുപ്പിന്റെ കണ്ണില്‍ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ വ്യാജന്‍. ' സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍നിന്ന് രഹസ്യ ഫയലുകള്‍ നഷ്ടപ്പെട്ടു' എന്ന തലക്കെട്ടില്‍ ആഗസ്റ്റ് 12ന് പ്രമുഖ മലയാള പത്രത്തില്‍ വന്ന വാര്‍ത്തയാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വ്യാജനെന്ന് മുദ്ര കുത്തിയത്. ഇത് വിവാദമാകുകയും വിമര്‍ശനം നേരിടുകയും ചെയ്തതോടെ ഫാക്ട് ചെക് വിഭാഗം പോസ്റ്റ് മുക്കി തടിയൂരി. സെന്‍ട്രല്‍ പ്രസില്‍ നിന്നു പി.എസ്.സി പരീക്ഷയുടെ ഒഎംആര്‍ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ചായിരുന്നു വാര്‍ത്ത.

സമൂഹ മാധ്യമങ്ങളിലോ അച്ചടി, ദൃശ്യ മാധ്യമങ്ങളിലോ വരുന്ന വാര്‍ത്തകളില്‍ സംശയം തോന്നിയാല്‍ സത്യാവസ്ഥഅറിയിക്കാനുള്ളതാണ് പിആര്‍ഡിയുടെ പുതിയ സംവിധാനമായ ഫാക്ട് ചെക് വിഭാഗം. കഴിഞ്ഞ മാസമാണ് ഇത് തുടങ്ങിയത്. സ്വര്‍ണക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഫാക്ട് ചെക് വിഭാഗം തുടങ്ങാന്‍ തീരുമാനിച്ചത്. അത്തരത്തിലുള്ള പല വാര്‍ത്തകളും വ്യാജമാണെന്ന് നേരത്തെ പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗം മുദ്രയടിച്ചിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശക്തമായ സ്വാധീനമുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതോടെ പിആര്‍ഡി വിഭാഗം വ്യാജവാര്‍ത്തയാണെന്ന് മുദ്രയടിച്ചവ ശരിയായ വാര്‍ത്തകളാകുന്ന അവസ്ഥയാണുള്ളത്. 

Tags:    

Similar News