ഗവര്‍ണര്‍ പദവി നീക്കം ചെയ്യാന്‍ ഭരണഘടനാ ഭേദഗതിക്കായി പ്രതാപന്‍ എംപിയുടെ സ്വകാര്യ ബില്ല്

ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ മുതലായ സംസ്ഥാനങ്ങളില്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കാനിടയായ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു ബില്ല് അവതരിപ്പിക്കുന്നതെന്ന് പ്രതാപന്‍ പറഞ്ഞു.

Update: 2020-01-22 09:55 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബില്ലുമായി ടി എന്‍ പ്രതാപന്‍ എംപി. ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ മുതലായ സംസ്ഥാനങ്ങളില്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കാനിടയായ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു ബില്ല് അവതരിപ്പിക്കുന്നതെന്ന് പ്രതാപന്‍ പറഞ്ഞു.

വിവിധ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ഇന്ത്യയെ ഭരണപരമായി ഏകോപിപ്പിക്കാനും മേല്‍നോട്ടം ഉറപ്പാക്കാനും കൊളോണിയല്‍ ഭരണകൂടം നടപ്പിലാക്കിയ ഗവര്‍ണര്‍, റെസിഡന്റ് പദവികള്‍ സമകാലിക പ്രാതിനിധ്യ ജനാധിപത്യ തത്വങ്ങള്‍ക്ക് എതിരാണെന്നാണ് ബില്ലില്‍ ചൂണ്ടിക്കാട്ടുന്നത്.

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുകളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ഗവര്‍ണര്‍ എന്ന അധികാര കേന്ദ്രം ഭരണതലത്തിലും പ്രായോഗിക തലത്തിലും പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമാകുന്നുണ്ടെന്ന് വര്‍ത്തമാന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി ഗവര്‍ണര്‍മാര്‍ പലപ്പോഴും ഏകപക്ഷീയമായി പെരുമാറാന്‍ സാധ്യതയുണ്ടെന്ന് ഭരണഘടനാ നിര്‍മാണ സമിതിയുടെ ചര്‍ച്ചയിലടക്കം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനായി ഭരണഘടനയിലെ മാര്‍ഗനിര്‍ദേശങ്ങളും മറ്റു നിയമങ്ങളും പര്യാപ്തമാണെന്നിരിക്കെ ഗവര്‍ണര്‍ എന്ന പദവി ആലങ്കാരികവും അപ്രസക്തവുമാണെന്നു ബില്ല് ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്ര മന്ത്രിസഭാ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി നിയമിക്കുന്ന ഗവര്‍ണര്‍ പദവി പലപ്പോഴും വിരമിച്ചതിനു ശേഷമുള്ള പാരിതോഷികമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രാധിനിധ്യ ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഗവര്‍ണര്‍ എന്ന പദവി നീക്കം ചെയ്തു ഭരണഘടനാ ഭേദഗതി ചെയ്യല്‍ അനിവാര്യമാണെന്ന് പ്രതാപന്‍ എംപി ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    

Similar News