'ബിജെപി ബംഗാളില്‍ രണ്ടക്കം കടക്കില്ല'; വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍

Update: 2020-12-21 10:29 GMT

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കടക്കില്ലെന്നു തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും മമത ബാനര്‍ജിയുടെ കാംപയ്ന്‍ സമിതി തലവനുമായ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലാണ് പ്രശാന്ത് കിഷോര്‍ വെല്ലുവിളി നടത്തിയത്. രണ്ടക്കം കടന്നാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മാധ്യമങ്ങളുടെ സഹായത്തോടെ ബിജെപി വലിയ ഹൈപ്പ് സൃഷ്ടിക്കുകയാണ്. യഥാര്‍ഥത്തില്‍ ബിജെപി രണ്ടക്കം കടക്കാന്‍ പാടുപെടും. ഈ ട്വീറ്റ് സേവ് ചെയ്യൂ, ബിജെപി മികച്ച പ്രകടനം നടത്തിയാല്‍ ഞാന്‍ ഇവിടം വിടും- പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബിജെപ നേതാവുമായ അമിത് ഷായുടെ പശ്ചിമ ബംഗാള്‍ പര്യടനത്തിന് ശേഷമാണ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായപ്രകടനം. 294ല്‍ 200 സീറ്റും നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. എന്നാല്‍ രണ്ടക്കം കടക്കാന്‍ പോലും ബിജെപി പാടുപെടുമെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്. സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തിയതോടെ ബംഗാളില്‍ പ്രകടനം മെച്ചപ്പെടുത്താമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. അമിത് ഷായുടെ നേതൃത്വത്തിലായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രചാരണ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ മാസവും അമിത് ഷാ ബംഗാളില്‍ എത്തിയിരുന്നു.