പ്രശാന്ത് ഭൂഷണ്‍ ഇംപാക്ട്: നടി സ്വരാ ഭാസ്‌കറിനെതിരെ കോടതിയലക്ഷ്യം വേണ്ടെന്ന് അറ്റോര്‍ണി ജനറല്‍

ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് പറയുന്ന അതേ വിധിന്യായത്തില്‍ തന്നെ പള്ളി തകര്‍ത്തവര്‍ക്ക് അനുകൂലമായ വിധി പ്രഖ്യാപിക്കുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്' എന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സ്വരാ ഭാസ്‌കര്‍ പറഞ്ഞിരുന്നു.

Update: 2020-08-24 02:09 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്ക വിധിന്യായത്തില്‍ സുപ്രീംകോടതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് നടി സ്വരാ ഭാസ്‌കറിനെതിരെ കോടതിയലക്ഷ്യത്തിന് ഹര്‍ജി സമര്‍പ്പിക്കുന്നതിന് അനുമതി നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വിസമ്മതിച്ചു. പ്രശാന്ത് ഭൂഷണ് എതിരായ സുപ്രീം കോടതി നടപടി ലോകവ്യാപകമായി തന്നെ വിമര്‍ശിക്കപ്പെട്ടതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് എജിയുടെ തീരുമാനം.

'ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് പറയുന്ന അതേ വിധിന്യായത്തില്‍ തന്നെ പള്ളി തകര്‍ത്തവര്‍ക്ക് അനുകൂലമായ വിധി പ്രഖ്യാപിക്കുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്' എന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സ്വരാ ഭാസ്‌കര്‍ പറഞ്ഞിരുന്നു. ഇത് സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി.

പ്രസ്താവന കോടതിയെ അപകീര്‍ത്തിപ്പെടുത്താല്‍ ലക്ഷ്യം വെച്ചല്ലെന്ന് നിരീക്ഷിച്ച അറ്റോര്‍ണി അത് പരമോന്നത കോടതിയെ ബാധിക്കില്ലെന്നും, അഭിപ്രായങ്ങള്‍ വ്യക്തികളുടെ കാഴ്ചപ്പാടാണെന്നും പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു.

1971 ലെ കോണ്ടെംപ്റ്റ് ഓഫ് കോര്‍ട്ട് ആക്റ്റ് പ്രകാരം, ആര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ എജിയുടെയോ സോളിസിറ്റര്‍ ജനറലിന്റെയോ സമ്മതം ആവശ്യമാണ്. 

Tags: