കാന്‍പൂര്‍ സംഘര്‍ഷത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തു: മില്ലി ഗസറ്റ് സ്ഥാപക എഡിറ്റര്‍ക്കെതിരേ പോലിസ് കേസ്
ലഖ്‌നോ: കാന്‍പൂര്‍ സംഘര്‍ഷത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മില്ലി ഗസറ്റ് എഡിറ്റര്‍ ഷംസ് തബ്രീസ് ഖാസ്മിക്കെതിരേ യുപി പോലിസ് കേസെടുത്തു. ട്വിറ്റര്‍ പോസ്റ്റിലൂടെ അദ്ദേഹംതന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐപിസി 505, 507, ഐടി ആക്റ്റിലെ വകുപ്പ് 66 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
'എനിക്കെതിരായ കേസുകളും കുറ്റങ്ങളും അടിസ്ഥാനരഹിതമാണ്. എന്നെ നിശബ്ദനാക്കാനുള്ള യുപി പോലിസിന്റെ ഈ ശ്രമം നടക്കില്ല. ഞാന്‍ പത്രപ്രവര്‍ത്തനം തുടരും'- അദ്ദേഹം ട്വീറ്റ് ചെയ്തു
Police has filed a case against me over my video tweet regarding Kanpur violence. The case and charges against me are baseless. This attempt of the UP police to silence me will not work. I will continue doing journalism to hold power to account.
— Shams Tabrez Qasmi (@ShamsTabrezQ) June 6, 2022
കാന്‍പൂര്‍ സംഘര്‍ഷത്തിന്റെ വീഡിയോ ഇപ്പോഴും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലുണ്ട്. അതേസമയം ഏത് വീഡിയോയാണ് കേസിന് കാരണമായതെന്ന് വ്യക്തമല്ല.
ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദക്കെതിരേയാണ് യുപിയിലെ കാന്‍പൂരില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഒരു ടെലിവിഷന്‍ ഷോയ്ക്കിടയിലായിരുന്നു പരാമര്‍ശം. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.
ജൂണ്‍ മൂന്നിനായിരുന്നു ഇത്. പ്രതിഷേധം നടന്ന ജൂണ്‍ 4ന് 1000 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
നൂപുര്‍ ശര്‍മയുടെ പരാമര്‍ശം ആഗോളശ്രദ്ധയിലേക്കെത്തിയതോടെ ബിജെപി അവരെ സസ്‌പെന്‍ഡ് ചെയ്തു.
