തിരുവനന്തപുരം: അവശ്യസേവന വിഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായ ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് ആവശ്യമുണ്ടെങ്കില്‍ മാര്‍ച്ച് 21നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഫോം 12ഡിയും അതിന്റെ പാര്‍ട്ട് രണ്ടും പൂരിപ്പിച്ച് ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍ക്ക് നിര്‍ദ്ദിഷ്ട സമയത്തിനകം നല്‍കണം.
അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഏപ്രില്‍ മൂന്നു, നാല്, അഞ്ചു ദിവസങ്ങളില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ എത്തി വോട്ട് രേഖപ്പെടുത്താം. അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരായി കേരള പോലിസ്, കേരള ബറ്റാലിയന്‍, അഗ്‌നിരക്ഷാസേന, ജയില്‍, എക്‌സൈസ്, മില്‍മ, വൈദ്യുതി വകുപ്പ്, വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍, ട്രഷറി, ആരോഗ്യവകുപ്പ്, ഫോറസ്റ്റ്, ആകാശവാണി, ദൂരദര്‍ശന്‍, കെഎസ്ആര്‍ടിസി, റെയില്‍വേ, തപാല്‍, തിരഞ്ഞെടുപ്പ് കവറേജിന് നിയുക്ത മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി വാട്ടര്‍ മെട്രൊ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യത്തിനായുള്ള ഫോം 12ഡി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വിതരണം ചെയ്തു തുടങ്ങി. പൂരിപ്പിച്ച ഫോമുകള്‍ ബിഎല്‍ഒമാര്‍ തന്നെ ശേഖരിച്ച് വോട്ടര്‍മാരുടെ വീടുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി പ്രത്യേക സംഘങ്ങളെയും നിയോഗിക്കും.