അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ ചിത്രമുള്ള തപാല്‍ സ്റ്റാംപ്: പോലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ ചിത്രമുള്ള തപാല്‍ സ്റ്റാംപ് പുറത്തിറക്കിയതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഛോട്ടാ രാജന്റെ ചിത്രമുള്ള 24 സ്റ്റാമ്പുകളടങ്ങിയ രണ്ട് ഷീറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. 600 രൂപ സ്റ്റാംപിനായി തപാല്‍ വകുപ്പില്‍ അടച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
തപാല്‍വകുപ്പ് നടപ്പിലാക്കിയ 'മൈ സ്റ്റാംപ്' പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് സ്വന്തം ചിത്രം പതിപ്പിച്ച് സ്റ്റാംപ് പുറത്തിറക്കാനുള്ള സൗകര്യമുണ്ട്. 12 സ്റ്റാംപുകളടങ്ങിയ ഷീറ്റിന് 300 രൂപയാണ് വില. എന്നാല്‍ ഇപ്പോള്‍ ജയിലിലുള്ള കൊടും കുറ്റവാളിയായ ഛോട്ടാരാജന്റെ ചിത്രം ഇത്തരത്തില്‍ സ്റ്റാംപില്‍ ഉള്‍പ്പെടുത്തിയത് തപാല്‍ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത് വീഴ്ചയായിട്ടാണ് കാണുന്നത്. ഛോട്ടാരാജന്റെ ചിത്രം അച്ചടിക്കാന്‍ ആവശ്യപ്പെട്ട് പണം നല്‍കിയയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.