വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോസ്റ്റ് ഓഫിസുകള്‍ വൈകുന്നേരം ആറു വരെ പ്രവര്‍ത്തിക്കും

Update: 2025-12-07 03:46 GMT

തിരുവനന്തപുരം: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോസ്റ്റ് ഓഫിസുകള്‍ തിങ്കളാഴ്ച വൈകിട്ട് 6 വരെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയതായി പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ശനിയാഴ്ച വൈകിട്ട് ആറു വരെ പോസ്റ്റ് ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്നു. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകളും ബാലറ്റുകളും അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സൗകര്യം ഉറപ്പാക്കാനാണ് നടപടി.

വോട്ടെടുപ്പ് ദിനങ്ങളില്‍ കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയില്ല. ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനായി വൈകി ജോലിയില്‍ കയറുകയോ നേരത്തെ പോകുകയോ ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി. അല്ലെങ്കില്‍ പ്രത്യേക സമയം അനുവദിച്ച് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 9നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 11നു തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോടെയുള്ള അവധി നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വോട്ടെടുപ്പ് നടക്കുന്ന ജില്ലയില്‍ താമസിക്കുന്നതുമായിട്ടും, അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലകളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധി അനുവദിക്കും. കാഷ്വല്‍ ലീവ്, കമ്യൂട്ടഡ് ലീവ്, ആര്‍ജിതാവധി എന്നിവ ഒഴികെ സ്പാര്‍ക്ക് പോര്‍ട്ടലില്‍ ലഭ്യമായ ഏതെങ്കിലും പ്രത്യേക അവധി തിരഞ്ഞെടുക്കാം.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരും വേതനത്തോടെയുള്ള അവധിക്ക് അര്‍ഹരാണ്. ഐടി കമ്പനികള്‍, ഫാക്ടറികള്‍, കടകള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് കര്‍ശനമായി നടപ്പാക്കാന്‍ ലേബര്‍ കമ്മീഷണറോട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താമസസ്ഥലവും ജോലിസ്ഥലവും വ്യത്യസ്ത ജില്ലകളിലുള്ള തൊഴിലാളികള്‍ക്കും ശമ്പളത്തോടെയുള്ള അവധി ബാധകമാണ്.

Tags: