തിരഞ്ഞെടുപ്പിനുശേഷമുണ്ടായ സംഘര്‍ഷം; ബംഗാളില്‍ മനുഷ്യാവകാശ കമ്മീഷന്റെ മൊഴിയെടുക്കല്‍ തുടങ്ങി

Update: 2021-06-27 15:03 GMT

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മൊഴിയെടുക്കല്‍ തുടങ്ങി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിക്കപ്പെട്ട ഏഴംഗ കമ്മിറ്റിയ്ക്കു മുന്നിലാണ് പരാതിക്കാര്‍ മൊഴി നല്‍കേണ്ടത്.

ഞായറാഴ്ച വൈകീട്ട് നാല് മണിക്കും തിങ്കളാഴ്ച രാവിലെ 10 മണിക്കും പരാതിക്കാര്‍ക്കും ഇരകളാക്കപ്പെട്ടവര്‍ക്കും മൊഴിനല്‍കാന്‍ അവസരമുണ്ട്. സിആര്‍പിഎഫിന്റെ സ്റ്റാഫ് മെസ്സിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്.

അതിനുശേഷം പരാതി ഉയര്‍ന്ന വിവധ പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി പരാതി സ്വീകരിക്കും.

ജൂണ്‍ 18നാണ് ഒരു കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയത്. ജൂണ്‍ 30നുളളില്‍ റിപോര്‍ട്ട് നല്‍കണം.

ജൂണ്‍ 21ന് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒരു പരാതി നല്‍കിയിരുന്നു. സംഘര്‍ഷം ഇല്ലാതാക്കാന്‍ തങ്ങള്‍ സ്വീകരിച്ച നടപടികള്‍ കൃത്യമായി വിശദമാക്കാനുള്ള അവസരം ലഭിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി വഴങ്ങിയില്ല.

പോലിസ് വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന് പരാതിയുള്ള നിലക്ക് തങ്ങള്‍ ഇടപെടുന്നില്ലെന്ന് കോടതി നിലപാടെടുത്തു.

ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ അടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.