ജനസംഖ്യാനിയന്ത്രണ നിയമം, ഭൂനിയമം; ഉത്തരാഖണ്ഡില്‍ രണ്ട് ഉന്നതതല കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നു
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ജനസംഖ്യാനിയന്ത്രണവും ഭൂനിയമവും ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല കമ്മിറ്റിക്ക് രൂപം നല്‍കുന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ ഓഫിസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സംസ്ഥാന ചീഫ് സെക്രട്ടറി എസ് എസ് സന്‍ന്ദു ആണ് രണ്ട് കമ്മിറ്റികളുടെയും ചെയര്‍മാന്‍.
ദേശീയ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട നിരവധി ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ച് അനുഭവസമ്പത്തുളള ആളെന്ന നിലയിലാണ് അദ്ദേഹത്തെ ഈ ചുമതല ഏല്‍പ്പിക്കുന്നത്. ഇതേമട്ടില്‍ ജനസംഖ്യാ നിയന്ത്രണം കടുപ്പിക്കാനായി മറ്റൊരു കമ്മിറ്റിക്കും രൂപം നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശം നല്‍കി.
സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കലാണ് കമ്മിറ്റിയുടെ ഉദ്ദേശ്യം.
രണ്ട് മക്കള്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു. യുപിയും അസമും സമാനമായ നിയമങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്.