കണ്ണൂര്‍: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍പ്പറത്തി ആര്‍എസ്എസ് ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ പി മഹമൂദ് പ്രസ്താവിച്ചു.
ഇഡിയുടെ മറവില്‍ കലാപം നടത്താനാണ് ആര്‍എസ്എസ് ശ്രമം. ആര്‍എസ്എസിന് കീഴിലെ ഒരു ഘടകത്തെ പോലെയാണ് ഇഡി പ്രവര്‍ത്തിക്കുന്നത്. ഇഡി റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ അവര്‍ക്കൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകരും എത്തിച്ചേരുന്നത് ഇതിന്റെ ഭാഗമാണ്. ആര്‍എസ്എസിന് കടന്നുചെല്ലാന്‍ കഴിയാത്ത മേഖലകളില്‍ അധികാരത്തിന്റെ പ്രിവിലേജ് ഉപയോഗിച്ച് ഇഡി ആ ചുമതല ഏറ്റെടുക്കുകയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ഭരണഘടനാ ചുമതല വഹിക്കുന്ന ഏജന്‍സികള്‍ക്ക് അപഹാസ്യവുമാണ്.
റെയ്ഡ് നടത്തുന്ന ഏജന്‍സികള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടി തെരുവില്‍ ഓശാന പാടുന്ന കാഴ്ച നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്തതും കേട്ടുകേള്‍വി ഇല്ലാത്തതുമാണ്. എന്നാല്‍ പെരിങ്ങത്തൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരസ്യമായി ഇഡി റെയ്ഡിനൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചതോടെ ആരുടെ താല്‍പര്യമാണ് ഇഡി സംരക്ഷിക്കുന്നതെന്ന് വ്യക്തമാണ്. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ആരോപണ വിധേയരായ നിരവധി സംഭവങ്ങള്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവും ഹവാല ഇടപാടും തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ഇഡി, ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ ആര്‍എസ്എസിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ വേട്ടയാടുകയാണ്.
എന്നാല്‍ ഇത്തരം വേട്ടയാടലുകള്‍ക്ക് മുമ്പില്‍ പോപുലര്‍ ഫ്രണ്ട് മുട്ടുമടക്കില്ല. ജനാധിപത്യ രീതിയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് രാഷ്ട്രീയമായും നിയമപരമായും ഭരണകൂടത്തിന്റേയും ആര്‍എസ്എസിന്റേയും പകപോക്കലുകളെ ചെറുത്ത് തോല്‍പ്പിക്കുമെന്നും എ പി മഹമൂദ് പ്രസ്താവനയില്‍ വ്യക്തമാക്കി.
