താക്കീതായി പോപുലര്‍ ഫ്രണ്ട് ക്ലിഫ് ഹൗസ് മാര്‍ച്ച്; ഗ്രനേഡ് പ്രയോഗത്തിലും പതറാതെ പ്രവര്‍ത്തകര്‍

ഭരണത്തുടര്‍ച്ചയുടെ അഹങ്കാരത്തില്‍ കേരളത്തില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥന സെക്രട്ടറി സി എ റഊഫ് പറഞ്ഞു

Update: 2022-06-06 13:12 GMT

തിരുവനന്തപുരം: ഭരണത്തുടര്‍ച്ച ലഭിച്ചതിന്റെ അഹങ്കാരത്തില്‍ കേരളത്തില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് ആഭ്യന്തരവകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും കരുതേണ്ടതില്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ്. പോപുലര്‍ ഫ്രണ്ടിനെതിരായ പോലിസ് ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ അടിസ്ഥാനത്തിലല്ല ഈ രാജ്യം പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം മനസ്സിലാക്കണം. ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് ഒരു ഭരണഘടനയുണ്ട്. ഒരു മുദ്രാവാക്യത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ടാഴ്ചയായി പോപുലര്‍ ഫ്രണ്ടിനെ നാടുനീളെ നടന്ന് പോലിസ് വേട്ടയാടുകയാണ്. സര്‍ക്കാരും സിപിഎമ്മും അനുമതി നല്‍കിയിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. 


റിപബ്ലികിനെ രക്ഷിക്കണമെന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചതാണ് പോപുലര്‍ ഫ്രണ്ട് ചെയ്ത കുറ്റമെന്നാണ് പോലിസ് പറയുന്നത്. ഈ രാജ്യത്തെ ഹിന്ദുകളേയും മുസ്‌ലിംകളെയും ക്രൈസ്തവരേയും തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ആര്‍എസ്എസിന്റെ ശ്രമങ്ങള്‍ക്ക് എന്തിനാണ് ഭരണകൂടവും മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നത്. ആര്‍എസ്എസിനെതിരായ മുദ്രാവാക്യത്തെ വളരെ ബോധപൂര്‍വും ഹൈന്ദവര്‍ക്കും ക്രൈസ്തവര്‍ക്കും എതിരെ ചിത്രീകരിക്കുകയാണ്. ഈ രാജ്യത്തിന്റെ നികുതിപണം കൊണ്ടാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ നീതി നിര്‍വഹണ സംവിധാനത്തെ നീതിപൂര്‍വം വിവേചനരഹിതമായി ഉപയോഗിക്കണം. ആര്‍എസ്എസ് രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കും.

ആര്‍എസ്എസിനെ വിമര്‍ശിച്ചാല്‍ എന്തിനാണ് പിണറായി സര്‍ക്കാരും പോലിസും അസ്വസ്ഥമാവുന്നത്. നീതിക്ക് വേണ്ടി ശബ്ദിക്കുമ്പോള്‍ വേട്ടയാടാനാണ് ശ്രമിക്കുന്നതെങ്കില്‍ അറവുമാടുകളെ പോലെ കഴുത്തുനീട്ടിത്തരാന്‍ പോപുലര്‍ ഫ്രണ്ടിനെ കിട്ടില്ല. ഒരുതരി ജീവനുണ്ടെങ്കില്‍ നീതിക്കുവേണ്ടി പോപുലര്‍ ഫ്രണ്ടുകാര്‍ തെരുവിലുണ്ടാവും. റിപബ്ലിക്കിന്റെ കൂടെ നിവര്‍ന്നു നില്‍ക്കാനാണ് ഭരണകൂടവും പോലിസും ആഗ്രഹിക്കുന്നതെങ്കില്‍ വിവേചനമില്ലാതെ നീതി നടപ്പിലാക്കണം. എന്നാലിന്ന് ആര്‍എസ്എസിന് പാദസേവ ചെയ്യാന്‍ വിട്ടുകൊടുത്ത് കേരളാ പോലിസിന്റെ ആത്മവീര്യം നശിപ്പിച്ചിരിക്കുന്നു. ആര്‍എസ്എസിനെതിരെ പ്രതികരിച്ച മുസ്‌ലിംകള്‍ക്കെതിരെ 153 എയുടെ ചാകരയാണ്. മറുവശത്ത് മുസ്‌ലിം വിദ്വേഷം ജനിപ്പിച്ച ആര്‍എസ്എസ് ഭീകരവാദികളായ കെ പി ശശികല, ഗോപാലകൃഷ്ണന്‍, കെ ആര്‍ ഇന്ദിര, ടി ജി മോഹന്‍ദാസ്, സന്ദീപ് വചസ്പതി, വര്‍ഗീയവാദികളായ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്, പി സി ജോര്‍ജ് എന്നിവര്‍ക്കെതിരെ എന്തുനടപടിയാണ് പിണറായി സര്‍ക്കാര്‍ കൈക്കൊണ്ടത്. 


പോപുലര്‍ ഫ്രണ്ട് നേതാക്കളെ ഏകപക്ഷീയമായി വേട്ടയാടി രക്ഷപെടാമെന്ന് നിങ്ങള്‍ കരുതേണ്ടതില്ല. ഈ രാജ്യത്തെ ജനാധിപത്യം നിങ്ങളോട് കണക്കുചോദിക്കും. ആര്‍എസ്എസുകാര്‍ വിദ്വേഷം ജനിപ്പിച്ചുകൊണ്ട് മുസ്‌ലിംകളെ വേട്ടയാടാനുള്ള കളമൊരുക്കി കൊണ്ടിരിക്കുകയാണ്. വര്‍ഗീയവാദിയായ കെ സുരേന്ദ്രന്‍ കേരളത്തിലുടനീളം നടന്ന് മുസ്‌ലിംകള്‍ക്കെതിരെ വിഷം ചീറ്റുകയാണ്. ചില പോലിസുകാര്‍ ആര്‍എസ്എസിന് വേണ്ടി പണിയെടുക്കുന്നു. സംസ്ഥാനത്ത് സകല ക്രിമിനലുകളേയും വര്‍ഗീയ വാദികളേയും കയറൂരി വിട്ടിരിക്കുകയാണ്. ഇതിനിടയില്‍ കിടന്ന സത്യസന്ധരായ പോലിസുകാര്‍ വീര്‍പ്പുമുട്ടുകയാണ്. ആഭ്യന്തരം കൈകാര്യം ചെയ്യാന്‍ പിണറായി വിജയന് അറിയില്ലെങ്കില്‍ നീതിയും നിയമവും നടത്താന്‍ നട്ടെല്ലുള്ള ആര്‍ക്കെങ്കിലും ഏല്‍പ്പിച്ച് രാജിവച്ച് പോവണം. രാജ്യത്ത് തുല്യനീതി നടപ്പാക്കുകയും സ്വാതന്ത്ര്യം വീണ്ടെടുക്കുകയും വേണം. ഈ ആശയം നിലനില്‍ക്കുവോളം കാലം പോപുലര്‍ ഫ്രണ്ട് ഈ രാജ്യത്തിന്റെ തെരുവുകളിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് അധ്യക്ഷത വഹിച്ചു. മെക്ക സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ്, ഖത്തീബ് ആന്റ് ഖാസി ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, മൈനോറിറ്റി റൈറ്റ്‌സ് വാച്ച് ചെയര്‍മാന്‍ എ എം നദ്‌വി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ ബാഖവി, പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് റഷീദ് മൗലവി, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് റഫീഖ് മൗലവി, ജില്ലാ പ്രസിഡന്റുമാരായ ഷജീര്‍, നവാസ് ഖാന്‍, ഷിയാസ് സംസാരിച്ചു.

പോലിസ് വേട്ടയ്‌ക്കെതിരേ ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് ഇടതുസര്‍ക്കാരിന് താക്കീതായി. അട്ടക്കുളങ്ങരയില്‍ നിന്നാരംഭിച്ച ബഹുജന മാര്‍ച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം ദേവസ്വംബോര്‍ഡ് ജങ്ഷനില്‍ പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും തുടര്‍ന്ന് ഗ്രനേഡും പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പോലിസിനും പരിക്കേറ്റു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷമാണ് പോലിസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ ചുമതലകളിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞത്. പോലിസിന്റെ ജലപീരങ്കി പ്രയോഗത്തെ പ്രവര്‍ത്തകര്‍ ചെറുത്തു. പിന്നീടാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ഗ്രനേഡ് എറിഞ്ഞത്. പോലിസിന്റെ ഈ അതിക്രമത്തിനെതിരേ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പോലിസിന്റെ ഈ അതിക്രമത്തില്‍ 15 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Tags:    

Similar News