പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി: വയനാട്ടില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ട് വീടുകള്‍ കൈമാറി

Update: 2022-05-30 07:15 GMT

മേപ്പാടി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലാകമ്മിറ്റി പണി കഴിപ്പിച്ച രണ്ട് വീടുകളുടെ താക്കോല്‍ കൈമാറ്റം നടന്നു. മേപ്പാടി സെന്റ് ജോര്‍ജ് ഹാളില്‍ നടന്ന പരിപാടി പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ടിന്റെ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിവാദമാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരെ ഭീകരമുദ്ര ചാര്‍ത്തി അകറ്റിനിര്‍ത്തുകയെന്ന സംഘപരിവാര്‍ അജണ്ട ഭരണകൂടം ഏറ്റെടുത്തിരിക്കുകയാണ്. 'സേവ് ദ റിപബ്ലിക്' എന്ന പോപുലര്‍ ഫ്രണ്ട് കാംപയിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തകര്‍ക്കുന്ന നിലയിലുള്ള കുപ്രചരണങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.

പ്രളയം വിഴുങ്ങിയ പ്രദേശങ്ങളില്‍ ആശ്വാസനടപടികളുമായി പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. സാമൂഹിക സേവനം ജീവിത ദൗത്യമായി ഏറ്റെടുത്ത പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. ഇതിനായി പ്രത്യേക കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ പ്രസിഡന്റ് എസ് മുനീര്‍ അധ്യക്ഷത വഹിച്ചു. വീടുകളുടെ താക്കോല്‍ കൈമാറ്റം എ അബ്ദുല്‍ സത്താറും കണ്ണൂര്‍ സോണല്‍ സെക്രട്ടറി കെ പി അഷ്‌റഫും നിര്‍വഹിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അഡ്വ.കെ എ അയ്യൂബ്, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എം ടി സജീര്‍, ജില്ലാ കമ്മറ്റിയംഗം സി കെ അബു, പി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. 

Tags: