ഗസയിലെ കുട്ടികള്‍ക്കായി പോപ്പ്‌മൊബൈല്‍; പൂര്‍ത്തീകരിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹമായ മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്
ശ്രീവിദ്യ കാലടി
വത്തിക്കാന്‍: യുദ്ധകൊതിയില്‍ രാജ്യങ്ങള്‍ വിതച്ച ഭീതികള്‍ക്കിടയിലും സമാധാനത്തിന്റെ പ്രകാശം ചൊരിഞ്ഞ് ലോകത്തിന്റെ നന്മക്കു വേണ്ടി പ്രാര്‍ഥിച്ചയാളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സമൂഹത്തിന്റെ അടിത്തട്ടില്‍ ഉള്ളവനെ തന്റെ മടിത്തട്ടിലേക്ക് ചേര്‍ത്തു പിടിച്ച പാപ്പയുടെ സ്‌നേഹം അദ്ദേഹത്തിന്റെ മരണശേഷവും പ്രസരിച്ചു കൊണ്ടിരിക്കുകയാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാഹനമായ പോപ്പ്മൊബൈല്‍, ഗസയിലെ കുട്ടികള്‍ക്കുള്ള ഒരു മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റായി രൂപാന്തരപ്പെടുകയാണ് എന്ന കാര്യം നിലക്കാത്ത സ്‌നേഹത്തിന്റെ പ്രതീകമായി മാറുന്നു.
തന്റെ അന്ത്യ നാളുകളില്‍ താന്‍ ചേര്‍ത്തു പിടിച്ച ഗസയിലെ ജനങ്ങള്‍ക്കുള്ള അദ്ദേഹത്തിന്റെ അവസാന സമ്മാനമാണിത്. യുദ്ധം തീര്‍ത്ത വരണ്ട ഭൂമിയില്‍ സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ കൈകളാകാന്‍ അദ്ദേഹം കാരിത്താസ് ജറുസലേമിനെ ഈ സംരംഭം ഏല്‍പ്പിച്ചു. ആരോഗ്യ സംരക്ഷണത്തില്‍ പ്രതിജ്ഞാബദ്ധരായ നൂറിലധികം ജീവനക്കാരുള്ള ഈ സംഘടന പാപ്പയുടെ അവസാന ആഗ്രഹവും പൂര്‍ത്തീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. പോപ്പ്മൊബൈലിനെ ഒരു ആരോഗ്യ ക്ലിനിക്കാക്കി മാറ്റുകയാണ് ലക്ഷ്യം.
2014ല്‍ തന്റെ ജറുസലേം സന്ദര്‍ശനത്തില്‍ മാര്‍പാപ്പ ഈ കാറാണ് ഉപയോഗിച്ചത്. പുനര്‍നിര്‍മ്മിച്ച പോപ്പ്മൊബൈലില്‍ രോഗനിര്‍ണയം, പരിശോധന, ചികില്‍സ എന്നിവയ്ക്കുള്ള ഉപകരണങ്ങള്‍ സജ്ജീകരിക്കും. അണുബാധകള്‍ക്കായുള്ള ദ്രുത പരിശോധനകള്‍, രോഗനിര്‍ണയ ഉപകരണങ്ങള്‍, വാക്‌സിനുകള്‍, തുന്നല്‍ കിറ്റുകള്‍, മറ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഗസയിലേക്കുള്ള മാനുഷിക പ്രവേശനം പുനഃസ്ഥാപിച്ചുകഴിഞ്ഞാല്‍, ഗസയിലെ ഏറ്റവും ഒറ്റപ്പെട്ട കോണുകളിലെ കുട്ടികളിലേക്കു കൂടി എത്തിച്ചേരാന്‍ പാകത്തില്‍ ഡോക്ടര്‍മാരടങ്ങുന്ന ഈ സംഘം സഞ്ചരിക്കും.
'പ്രതിസന്ധിയിലുടനീളം പരിശുദ്ധ പിതാവ് പ്രകടിപ്പിച്ച സ്‌നേഹം, കരുതല്‍, അടുപ്പം എന്നിവയെയാണ് ഈ വാഹനം പ്രതിനിധീകരിക്കുന്നതെന്നും ഇത് വെറുമൊരു വാഹനമല്ല,ഗാസയിലെ കുട്ടികളെ കുറിച്ച് ലോകം മറന്നിട്ടില്ല എന്ന സന്ദേശമാണെന്നും കാരിത്താസ് ജറുസലേമിന്റെ സെക്രട്ടറി ജനറല്‍ ആന്റണ്‍ അസ്ഫാര്‍ പറഞ്ഞു. കൂടാതെ ഇത് ഒരു ക്ഷണവുമാണ്, ലോകത്തിന്റെ മറ്റു ഭാഗങ്ങളും അത് ഓര്‍മ്മിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസയിലെ ആരോഗ്യ സംവിധാനം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്ന സമയത്ത് ഇത് ഒരു കൃത്യമായ, ജീവന്‍ രക്ഷിക്കുന്ന ഇടപെടലാണെന്നും ആരോഗ്യ സംരക്ഷണം ലഭ്യമല്ലാത്ത പോഷകാഹാരക്കുറവുള്ളവരുമായ കുട്ടികളിലേക്ക് ഈ വാഹനം വഴി നമുക്ക് എത്തിച്ചേരാന്‍ കഴിയമെന്നും കാരിത്താസ് സ്വീഡന്റെ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രൂണ്‍ പറഞ്ഞു. ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളില്‍പ്പോലും, വര്‍ഷങ്ങളായി ഗസയില്‍ ആരോഗ്യ സംരക്ഷണം കാരിത്താസ് ജറുസലേം നല്‍കിവരുന്നു. പിന്തുണ ഏറ്റവും ആവശ്യമുള്ളിടത്തേക്ക് പോകാന്‍ തയ്യാറായി നൂറിലധികം പേരുടെ ഒരു സംഘം ഇതിനകം തന്നെ തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എല്ലായ്‌പ്പോഴും ഗസയില്‍ സമാധാനത്തിനായി ശക്തമായി വാദിച്ചിരുന്ന പോപ്പ് ഫ്രാന്‍സിസ്, ഫലസ്തീനിലെ കുട്ടികള്‍ക്കെതിരായ ഇസ്രായേലിന്റെ ബോംബാക്രമണത്തെ അപലപിക്കുകയും ശത്രുത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. പട്ടിണിയും രോഗവും മൂലം കുഞ്ഞുങ്ങള്‍ മരിച്ചു കൊണ്ടിരിക്കുന്ന ഗസയെ നോക്കി 'കുട്ടികള്‍ സംഖ്യകളല്ല. അവര്‍ മുഖങ്ങളാണ്, പേരുകളാണ്, കഥകളാണ്, ഓരോരുത്തരും പവിത്രമാണ്' എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു കൊണ്ടിരുന്നു. അന്ത്യനാളിലും സമൂഹത്തിലെ ദുര്‍ബല വിഭാഗത്തെ ചേര്‍ത്തു പിടിച്ച അദ്ദേഹത്തിന്റെ ഈ സമ്മാനം വാക്കുകള്‍ പ്രവൃത്തികളായി മാറുന്നതിന്റെ ഉത്തമോദാഹരണമാണ്.

