നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം; കമല്‍ ഹാസന്റെ പാര്‍ട്ടിയില്‍ ചേരിപ്പോര്
ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര താരം കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ ഉള്‍പ്പാര്‍ട്ടി പോര്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ചവച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഫലം വന്ന ഉടന്‍ നിരവധി പാര്‍ട്ടി നേതാക്കള്‍ രാജിവച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. കമല്‍ ഹാസന്‍ കോയമ്പത്തൂര്‍ സീറ്റില്‍ നിന്ന് 1700ഓളം വോട്ടുകള്‍ക്ക് ബിജെപിക്കുമുന്നില്‍ തോല്‍ക്കുകയും ചെയ്തു. മഹിളാ മോര്‍ച്ചയുടെ വനതി ശ്രീനിവാസനാണ് അവിടെനിന്ന് 1,728 വോട്ടുകള്‍ അധികം നേടി നിയമസഭയിലെത്തിയത്.
ഇത്തവണ കമലഹാസന്റെ പാര്‍ട്ടിക്ക് 2.5 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ 3.7 ശതമാനം വോട്ട് നേടിയിരുന്നു.
തിരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് ആര്‍ മഹേന്ദ്രന്‍ രാജിവച്ചു. കമലഹാസന്റെ ഏതാനും ഉപദേശികളാണ് പാര്‍ട്ടി നിലപാടുകള്‍ രൂപീകരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം സംവിധാനം ചെയ്ത സാംഖ്യ സൊലൂഷന്‍സ് പാര്‍ട്ടിയെ ഒരു ഫാന്‍ ക്ലബ്ബാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
മഹേന്ദ്രന്റെ അഭിപ്രായങ്ങളെ കമലഹാസന്‍ വഞ്ചനയെന്നാണ് വിശേഷിപ്പിച്ചത്. എതിരാളികളെ മാത്രമല്ല, വഞ്ചകരെയും നേരിടേണ്ടിവന്നുവെന്ന് കലഹാസന്‍ ആരോപിച്ചു.
മഹേന്ദ്രന് പുറമെ നിരവധി പേര്‍ പാര്‍ട്ടിക്കെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പദ്ധതികള്‍ ഡിസൈന്‍ ചെയ്ത പോള്‍ മാനേജ്‌മെന്റ് കമ്പനിയ്‌ക്കെതിരേ നിരവധി നേതാക്കള്‍ വിയോജിപ്പുമായി വന്നിട്ടുണ്ട്. കമ്പനി ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പലപ്പോഴും മറ്റ് നേതാക്കളുടെ അനുമതിയില്ലാതെ കമല്‍ഹാസന്‍ നേരിട്ട് കമ്പനിയുടെ ഉപദേശങ്ങള്‍ നടപ്പാക്കിയെന്ന വിമര്‍ശനവും വ്യാപകമാണ്.
എംഎന്‍എം ജില്ലാ നേതാവ് എം തോല്‍കാപിയന്‍ സാംഖ്യ സൊലൂഷന്‍സ് മേധാവി സുരേഷ് അയ്യരെ നേരിട്ട് അഭിസംബോധന ചെയ്യുന്ന കത്തുമായി രംഗത്തുവന്നിരുന്നു.
2018ലാണ് കമലഹാസന്‍ പുതിയ പാര്‍ട്ടിക്ക് രൂപം കൊടുക്കുന്നത്.

