ഫീസ് വര്‍ധന; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍; സിആര്‍പിഎഫിനെ വിന്യസിച്ചു

നാളുകളായി സര്‍വകലാശാലയില്‍ നടന്നുവന്നിരുന്ന വിദ്യാര്‍ഥി സമരം ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൂടുതല്‍ ശക്തമാകുമെന്ന് കണക്കാക്കിയാണ് പോലിസ് സമരക്കാരെ ക്യാംപസില്‍ നിന്നും മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Update: 2020-02-25 11:12 GMT

ചെന്നൈ: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഫീസ് വര്‍ദ്ധനവിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വകലാശാല സന്ദര്‍ശിക്കാനിരിക്കേയാണ് സമരക്കാരെ മാറ്റുന്നത്.

നാളുകളായി സര്‍വകലാശാലയില്‍ നടന്നുവന്നിരുന്ന വിദ്യാര്‍ഥി സമരം ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൂടുതല്‍ ശക്തമാകുമെന്ന് കണക്കാക്കിയാണ് പോലിസ് സമരക്കാരെ ക്യാംപസില്‍ നിന്നും മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്ദര്‍ശനത്തെ തുടര്‍ന്ന് ക്യാപംസില്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റെ് പരിചയ് യാദവ് അടക്കമുള്ളവരെ പോലിസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി. ക്യാംപസിനകത്ത് മണിക്കൂറുകളോളം പ്രതിഷേധക്കാരെ തടങ്കലില്‍ വച്ചെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഇവര്‍ക്ക് മണിക്കൂറുകളായി കുടിവെള്ളം പോലും നല്‍കിയിട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക, ബസ് ഫീസ് പിന്‍വലിക്കുക, പുതുച്ചേരി വിദ്യാര്‍ഥികള്‍ക്ക് റിസര്‍വേഷന്‍ ഉറപ്പുവരുത്തുക പൗരത്വ നിയമ ഭേദഗതി ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍  ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്.

ഡിസംബറില്‍ സര്‍വകലാശാലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത  ബിരുദദാന ചടങ്ങ് പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി യൂണിയന്‍ ബഹിഷ്‌കരിച്ചിരുന്നു. യൂണിയന്റെ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റാങ്ക് ജേതാക്കളായ വിദ്യാര്‍ഥികള്‍  ചടങ്ങ് ബഹിഷ്‌കരിക്കുകയും പുരസ്‌ക്കാരങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 


Tags:    

Similar News