രാഷ്ട്രീയനേതാക്കള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; വാക്‌സിന്‍ ഉദാരവല്‍ക്കരണം സംസ്ഥാനങ്ങള്‍ക്കുവേണ്ടിയെന്ന വിചിത്ര വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി

Update: 2021-04-26 01:29 GMT

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയായ കൊവിഡ് വാകസിനേഷന്‍ ഫെയ്‌സ് 3നെതിരേ ചില രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ചില വിഭാഗങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിച്ചാണ് വാക്‌സിന്‍ ഉദാരണവല്‍ക്കരിച്ചതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങള്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന നീക്കത്തിന്റെ ഭാഗമാണ് പുതിയ വാക്‌സിന്‍ നയമെന്നും മന്ത്രി പറഞ്ഞു. തന്റെ ബ്ലോഗിലെഴുതി വിശദീകരണക്കുറിപ്പിലാണ് മന്ത്രിയുടെ പ്രതികരണം.

ഏത് യുദ്ധത്തിലും സമയാണ് പ്രധാനം. കൊവിഡ് പോലുള്ള മഹാമാരി പ്രസരിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ക്കും സ്വാതന്ത്ര്യം നല്‍കുകയാണ് പ്രധാനം. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗദര്‍ശനത്തില്‍ കീഴില്‍ പുതിയ വാക്‌സിന്‍ നയം പ്രഖ്യാപിച്ചത്. ഇത് സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരവും സ്വാതന്ത്ര്യവും നല്‍കും. ഇതിനെ പലരും തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ 14 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. കുറച്ചുകോടികള്‍ ബാക്കിയുണ്ട്. എല്ലാം സൗജന്യമായാണ് നല്‍കിയത്. ഇനിയും സൗജന്യമായി നല്‍കും. തങ്ങളുടെ ക്വാട്ടയായ 50 ശതമാനം ഇനിയും സൗജന്യമായി വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ബാക്കിവരുന്ന 50 ശതമാനത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. അവര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട ഗ്രൂപ്പുകളെ വാക്‌സിനേറ്റ് ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയമനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന 50 ശതമാനം ക്വാട്ട സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. തങ്ങള്‍ക്ക് 150 രൂപ നിരക്കില്‍ ലഭിക്കുന്ന വാക്‌സിന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. ഇത് സംസ്ഥാനങ്ങളുടെ ആവശ്യത്തിന്റെ അമ്പത് ശതമാനമായിരിക്കുകയില്ല. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ബാക്കി വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വിലകൊടുത്ത് വാങ്ങേണ്ടിവരും. സംസ്ഥാനത്തിന് വാക്‌സിന്‍ നല്‍കുന്ന വിലയും സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്ന വിലയും രണ്ടാണ്.