രാഷ്ട്രീയപകപോക്കല്‍: 2014നുശേഷം കേന്ദ്ര ഏജന്‍സികള്‍ ചുമത്തിയ കേസുകളില്‍ വര്‍ധന; ആകെ കേസുകള്‍ 570, രാഷ്ട്രീയക്കാര്‍ക്കെതിരേ 257
ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലെത്തിയ ശേഷം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഒതുക്കാനുള്ള നീക്കം ശക്തമായതായി റിപോര്‍ട്ട്. എന്‍ഡിടിവിയാണ് ഇതുസംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ടത്. 2014നു ശേഷം ഇത്തരം കേസുകളില്‍ വന്‍ വര്‍ധയാണ് ഉണ്ടായത്.
2014നുശേഷം ആകെ 570 കേസുകളാണ് കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തത്. കേസ് നേരിടേണ്ടിവന്നവരില്‍ പ്രതിപക്ഷ നേതാക്കള്‍, അവരുടെ ബന്ധുക്കള്‍, ആക്റ്റിവിസ്റ്റുകള്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, സിനിമാപ്രവര്‍ത്തകര്‍, സര്‍ക്കാരുമായി ഇടഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ആകെ കേസുകളില്‍ 39 പേരാണ് ബിജെപിയുമായി ബന്ധപ്പെട്ടവര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് എന്നീ കേന്ദ്ര ഏജന്‍സികളെയാണ് കേന്ദ്ര സര്‍ക്കാര്‍ പകപോക്കലിന് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തിട്ടുള്ളത് രാഷ്ട്രീയക്കാര്‍ക്കെതിരേയാണ്, 257 എണ്ണം. അവരുടെ ബന്ധുക്കള്‍ക്കും സഹായികള്‍ക്കുമെതിരേ 140 കേസുകള്‍ വേറെയുമുണ്ട്.
കേന്ദ്ര ഏജന്‍സികളുടെ നടപടിക്ക് വിധേയരായവരില്‍ ഏറ്റവും മുന്നില്‍ കോണ്‍ഗ്രസ്സാണ്. 75 പേര്‍ക്കെതിരേ കേസെടുത്തു. അടുത്തത് മമതാബാനര്‍ജിയുടെ തൃണമൂലിനെതിരേയാണ്. 36 എണ്ണം.
അടുത്ത സ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയാണ്, 18 കേസുകള്‍. കെജ്രിവാളിനെതിരേയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ കേസെടുക്കാതെ രക്ഷപ്പെട്ടത് കശ്മീരിലെ നാഷണല്‍ കോണ്‍ഫ്രന്‍സിലെ അബ്ദുള്ള കുടുംബവും പിഡിപിയുടെ മെഹബൂബ മുഫ്തിയും മാത്രമാണ്. ഡിഎംകെയുടെ സ്റ്റാലിനും കേസില്‍ നിന്ന് രക്ഷപ്പെട്ടു.
കോണ്‍ഗ്രസ് 75, തൃണമൂല്‍ 36, എഎപി 18, നാഷണല്‍ കോണ്‍ഫ്രന്‍സ് 14, പിഡിപി 12, ടിഡിപി 12, ഡിഎംകെ 11, എന്‍സിപി 8, ആര്‍ജെഡി 8, ബിജെഡി 7, ബിഎസ്പി 7, ജെഡി(എസ്) 6, ശിവസേന 6, എസ്പി 6, വൈഎസ്ആര്‍ കോണ്‍ഗ്രസ് 4, പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് 3, സിപിഎം 3, എഐഎഡിഎംകെ 3, മുസ് ലിംലീഗ് 3, എസ്എഡി 2, ജെഡിയു 2, എഎംഎംകെ 1, എഐഎസ്എംകെ 1, ജെകെപിഎം 1, റെഗ് ജെ കെ പാര്‍ട്ടി 1, റെയ്ജൂര്‍ ദള്‍ 1, ജനസേന 1, സ്വരാജ് ഇന്ത്യ 1, സ്വതന്ത്രര്‍ 4 എന്നിങ്ങനെയാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കണക്കുകള്‍.
രാഷ്ട്രീയക്കാര്‍ക്കുപുറമെ അവരുടെ 121 ബന്ധുക്കളും സഹായികളും ഏജന്‍സിയുടെ അന്വേഷണം നേരിടുന്നുണ്ട്. സര്‍ക്കാരിനെതിരേ പ്രതികരിച്ച സിനിമാപ്രവര്‍ത്തകരായ തപ്‌സെ പന്നു, അനുരാഗ് കശ്യപ് എന്നിവര്‍ക്കെതിരേയും കേസുണ്ട്.
മുന്‍ ഉദ്യോഗസ്ഥന്‍ അശോക് ലവാസയുടെ ബന്ധുവിനെതിരേയും കേസുണ്ട്. മോദിക്കും അമിത് ഷാക്കുമെതിരേയുള്ള കേസുകളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരേ വിയോജനക്കുറിപ്പെഴുതിയ ഉദ്യോഗസ്ഥനാണ് അശോക് ലവാസ.
ഇടത് പക്ഷപ്രവര്‍ത്തകരായ സുധ ഭരദ്വാജ്, ഭീമാ കൊറേഗാവ് കേസിലാണ് അകത്തായത്. ആ കേസില്‍ നിരവധി പേരുണ്ട്.
29 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു. യുപിയിലെ ദൈനിക് ഭാസ്‌കറിനെതിരേയാണ് അവസാനം നടപടിയുണ്ടായത്. കൊവിഡ് കാലത്ത് യുപി സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച ഭാരത് സമാചാറും കേന്ദ്ര ഏജന്‍സികളുടെ രോഷത്തിന് വിധേയരായി.
യുപിഎ 2 സര്‍ക്കാരിനെ അപേക്ഷിച്ച് കേസില്‍ 340 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ വിമര്‍ശകരായ 85 പേര്‍ക്കെതിരേയാണ് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെടുത്തത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം 17 കേസുകളാണ് ചുമത്തിയിരുന്നതെങ്കില്‍ മോദി സര്‍ക്കാരിന്റെ കാലത്ത് അത് 75 കേസായി ഉയര്‍ന്നു.
യുപിഎ-2 സര്‍ക്കാരിന്റെ കാലത്ത് സ്വന്തം പാര്‍ട്ടിയിലെയും ഐക്യമുന്നണിയിലെയും അംഗങ്ങള്‍ നടപടിക്ക് വിധേയരായി. അന്ന് 27 കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് നടപടിയുണ്ടായത്. ഇക്കാര്യത്തില്‍ ബിജെപി പിന്നിലാണ്.
ഓരോ കോണ്‍ഗ്രസ്സുകാരനെതിരേ നടപടിയെടുക്കുമ്പോഴും മൂന്ന് എതിരാളികളെ യുപിഎ സര്‍ക്കാര്‍ ലക്ഷ്യം വച്ചു. എന്നാല്‍ ബിജെപിയുടെ കാര്യത്തില്‍ അത് 15 എതിരാളികളായിരുന്നു, അഞ്ചിരട്ടി വര്‍ധന.

