ശ്രീനഗറില്‍ പോലിസുകാരനെ സായുധര്‍ വെടിവച്ചുകൊന്നു; ഏഴ് വയസ്സുള്ള മകള്‍ക്ക് പരിക്ക്
ശ്രീനഗര്‍: ശ്രീനഗറില്‍ പോലിസുകാരനെ അദ്ദേഹത്തിന്റെ വീടിനുമുന്നില്‍വച്ച് സായുധര്‍ വെടിവച്ചുകൊന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഏഴ് വയസ്സായ കുഞ്ഞിന് പരിക്കേറ്റു.
ശ്രീനഗറിലെ സൗര പ്രദേശത്ത് താമസിക്കുന്ന സെഫ്ള്ള ഖ്വാദ്രിയാണ് വെടിയേറ്റ് മരിച്ചത്. ശ്രീനഗറിലെ അഞ്ചാര്‍ മേഖലയില്‍ ഗനൈ മൊഹല്ലയിലെ വീടിനുപുറത്ത് നില്‍ക്കുമ്പോള്‍ അക്രമികള്‍ അദ്ദേഹത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഖാദ്രിയെയും മകളെയും അടുത്തുള്ള സ്‌കിംസ് ആശുപത്രിയിലേക്ക് മാറ്റി, അവിടെ വച്ചാണ് അദ്ദേഹം മരിച്ചത്. കുട്ടിയുടെ വലതുകയ്യിലാണ് വെടിയേറ്റത്. മകള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് കശ്മീര്‍ റേഞ്ച് പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പറഞ്ഞു.
തിങ്കളാഴ്ച ജമ്മു പോലിസ് അഞ്ച് ലഷ്‌കര്‍ പ്രവര്‍ത്തകരെ പിടികൂടിയിരുന്നു. ബാരമുള്ളയിലെ സര്‍ക്കാര്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് മൂന്ന് പേരെന്ന് പോലിസ് പറഞ്ഞു.