ദലിത് വിദ്യാര്‍ഥികളുടെ മുടിവെട്ടാന്‍ വിസമ്മതിച്ച് സലൂണ്‍ ഉടമ; കേസെടുത്ത് പോലിസ്

Update: 2025-07-01 07:23 GMT
ദലിത് വിദ്യാര്‍ഥികളുടെ മുടിവെട്ടാന്‍ വിസമ്മതിച്ച് സലൂണ്‍ ഉടമ; കേസെടുത്ത് പോലിസ്

കലബുര്‍ഗി: ദലിത് വിദ്യാര്‍ഥികളുടെ മുടിവെട്ടാന്‍ വിസമ്മതിച്ച സലൂണ്‍ ഉടമയ്‌ക്കെതിരേ കേസെടുത്ത് പോലിസ്. കലബുര്‍ഗി ജില്ലയിലെ അലന്ദ് താലൂക്കിലെ കിന്നി സുല്‍ത്താന്‍ ഗ്രാമത്തിലാണ് സംഭവം. ദലിതര്‍ക്ക് സേവനം നിഷേധിക്കുന്ന ബാര്‍ബര്‍മാര്‍ ഗ്രാമത്തില്‍ ഉണ്ടെന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നതിനിടെയാണ് പുതിയ സംഭവം.

ദലിത് സമുദായത്തില്‍പ്പെട്ട ചില വിദ്യാര്‍ഥികള്‍ സലൂണില്‍ മുടിവെട്ടാന്‍ പോയപ്പോള്‍, ഹെയര്‍ഡ്രെസ്സര്‍ അവരുടെ ജാതി ചോദിക്കുകയും ശേഷം, മുടി വെട്ടാന്‍ കഴിയില്ലെന്ന് അറിയിക്കുകയുമായിരുന്നു. തങ്ങളുടെ പൂര്‍വ്വികര്‍ കൈമാറിയ ആചാരങ്ങള്‍ തുടര്‍ന്ന് പോരുകയാണ്, അതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെന്നായിരുന്നു അവര്‍ ഇതിനു കാരണമായി പറഞ്ഞത്.

ഗ്രാമത്തില്‍ മൂന്ന് സലൂണ്‍ കടകളുണ്ടെങ്കിലും, അവിടെയുള്ള ദലിതര്‍ മുടിവെട്ടുന്നതിനായി 14 കിലോമീറ്റര്‍ അകലെയുള്ള അലന്ദ് പട്ടണത്തിലേക്കോ ഏകദേശം 5 കിലോമീറ്റര്‍ അകലെയുള്ള തടക്കല്‍ ഗ്രാമത്തിലേക്കോ പോകാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. തൊട്ടുകൂടായ്മയ്‌ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കിയതിനേ തുടര്‍ന്നാണ് ഗ്രാമത്തിലെ പല ബാര്‍ബര്‍മാര്‍മാരും ദലിതരുടെ മുടി വെട്ടാന്‍ സമ്മതിച്ചത്.

സംഭവത്തെതുടര്‍ന്ന് അലന്ദ് താലൂക്ക് സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വിജയലക്ഷ്മി ഹോള്‍ക്കര്‍ ഗ്രാമം സന്ദര്‍ശിച്ചു.ദലിത് സമുദായത്തില്‍പ്പെട്ട ഗ്രാമീണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, സലൂണ്‍ ഷോപ്പ് ഉടമ പ്രേംനാഥ് ഷിന്‍ഡെക്കെതിരേ പട്ടികജാതിപട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Tags:    

Similar News