മുഹമ്മദ് നബിക്കെതിരായ മോശം പരാമര്‍ശം; ഗോഷ മഹല്‍ എംഎല്‍എ ടി രാജാ സിങിനെതിരേ കേസെടുത്ത് പോലിസ്
ഹൈദരാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് ഗോഷ മഹല്‍ എംഎല്‍എ ടി രാജാ സിങിനെതിരെ കേസെടുത്ത് പോലിസ്. ഐപിസി സെക്ഷന്‍ 153 എ (വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 എ (മതവികാരങ്ങളെ മനപ്പൂര്‍വ്വം അപമാനിക്കല്‍), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ നടന്ന മീറ്റിങ്ങിനിടെയാണ് ടി രാജാ സിങ് പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. ഇതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഔദ്യോഗിക രേഖകള്‍ പ്രകാരം, സിംങിനെതിരെ 105 ക്രിമിനല്‍ കേസുകള്‍ ഉണ്ട്, അതില്‍ 18 എണ്ണം വര്‍ഗീയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇവയില്‍ പല കേസുകളിലും കലാപത്തിന് പ്രേരിപ്പിക്കല്‍, വിദ്വേഷ പ്രസംഗം, അല്ലെങ്കില്‍ മതവികാരം വ്രണപ്പെടുത്തല്‍, പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍, 'ലവ് ജിഹാദ്' സംബന്ധിച്ച പ്രകോപനപരമായ പ്രസ്താവനകള്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മുസ് ലിം ജനതയെ ലക്ഷ്യം വച്ചുള്ള പരാമര്‍ശങ്ങള്‍ എന്നിവയാണ്.
സിങിന്റെ പല പരാമര്‍ശങ്ങളും വിവാദത്തിനിടയാക്കിയിട്ടുണ്ട്. തീവ്ര ഹിന്ദുത്വത്തിന്റെ ഉറച്ച പിന്തുണക്കാരനായ സിങ് വിദ്വേഷ പ്രസംഗത്തിനും വര്‍ഗീയ പ്രകോപനത്തിനും നിരവധി നിയമനടപടികള്‍ നേരിട്ടുണ്ട്. 2022 ആഗസ്റ്റില്‍, മുസ് ലിം സമൂഹത്തെക്കുറിച്ച് അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് സിങ് അറസ്റ്റിലായിരുന്നു.
