സ്വന്തം വസതിയില്‍ പ്രാര്‍ഥനായോഗങ്ങള്‍ നടത്തുന്നത് തടയാന്‍ പോലിസിനോ സര്‍ക്കാരിനോ അവകാശമില്ല: ഛത്തീസ്ഗഢ് ഹൈക്കോടതി

Update: 2026-04-01 10:55 GMT

ഛത്തീസ്ഗഢ്: സ്വന്തം വീടുകളില്‍ മതപരമായ പ്രാര്‍ഥനായോഗങ്ങള്‍ സംഘടിപ്പിക്കാന്‍ പോലിസിന്റെയോ മറ്റ് അധികാരികളുടെയോ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഛത്തീസ്ഗഢിലെ ജാഞ്ച്ഗീര്‍-ചാമ്പ ജില്ലയിലുള്ള ഗോദ്ന ഗ്രാമവാസികള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. നിയമലംഘനങ്ങള്‍ നടക്കാത്തിടത്തോളം കാലം പൗരന്മാര്‍ സംഘടിപ്പിക്കുന്ന സ്വകാര്യ ചടങ്ങുകളില്‍ ഇടപെടാന്‍ സര്‍ക്കാരിനോ പോലിസിനോ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

തങ്ങളുടെ വീടുകളില്‍ ഞായറാഴ്ചകളില്‍ നടത്തിവരുന്ന സമാധാനപരമായ ക്രിസ്തീയ പ്രാര്‍ഥനകള്‍ പോലിസും ഗ്രാമപഞ്ചായത്തും തടസ്സപ്പെടുത്തുന്നുവെന്നാണ് ഗോദ്ന ഗ്രാമവാസികള്‍ നല്‍കിയ പരാതി. 2016 മുതല്‍ നടത്തിവരുന്ന പ്രാര്‍ഥനകള്‍ നിര്‍ത്തലാക്കാന്‍ പോലിസ് മൂന്ന് തവണ നോട്ടീസ് നല്‍കിയതായും, ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

സ്വന്തം വസതിയില്‍ പ്രാര്‍ഥന നടത്തുന്നതിനെ തടയാന്‍ രാജ്യത്ത് നിലവില്‍ നിയമങ്ങളൊന്നുമില്ലെന്ന് നിരീക്ഷിച്ച കോടതി, അനുമതിയില്ലാതെയാണ് യോഗങ്ങള്‍ നടത്തുന്നതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദങ്ങള്‍ തള്ളി. പൗരന്മാരുടെ സ്വകാര്യതയിലേക്കും വിശ്വാസത്തിലേക്കുമുള്ള അനാവശ്യമായ കടന്നുകയറ്റങ്ങള്‍ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Tags: