തൊടുപുഴയിലെ പോലിസുദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍: ആഭ്യന്തര വകുപ്പ് സമഗ്രാന്വേഷണം നടത്തി തെറ്റിദ്ധാരണ നീക്കണമെന്ന് അജ്മല്‍ ഇസ്മായീല്‍

കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആര്‍എസ്എസ് നേതാക്കളെ തേടി തൃശൂരിലെ ഒളിത്താവളങ്ങളില്‍ പോലിസെത്തുന്നു എന്ന വിവരം പോലിസുകാര്‍ തന്നെ ചോര്‍ത്തി നല്‍കി എന്ന ആരോപണമുണ്ടായ സമയത്താണ് ഈ കേസും ഉയര്‍ന്നു വന്നത്

Update: 2022-01-31 11:48 GMT

തിരുവനന്തപുരം: പോലിസിന്റെ രഹസ്യവിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ച് തൊടുപുഴയില്‍ പോലിസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത നടപടിയില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് സമഗ്രാന്വേഷണം നടത്തി തെറ്റിദ്ധാരണ നീക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. പോലിസുകാരനെതിരായ ആരോപണങ്ങളില്‍ ദുരൂഹതയുണ്ട്.

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആര്‍എസ്എസ് നേതാക്കളെ തേടി തൃശൂരിലെ ഒളിത്താവളങ്ങളില്‍ പോലിസെത്തുന്നു എന്ന വിവരം പോലിസുകാര്‍ തന്നെ ചോര്‍ത്തി നല്‍കി എന്ന ആരോപണമുണ്ടായ സമയത്താണ് ഈ കേസും ഉയര്‍ന്നു വന്നത്.

കേരളാ പോലിസിലെ ആര്‍എസ്എസ് സ്വാധീനത്തെക്കുറിച്ച് ഭരണകക്ഷിയായ സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഒടുവില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തന്നെ ഈ വിവരം സമ്മതിക്കേണ്ടി വന്നു. സിപിഐ ദേശീയ നേതാവ് ആനി രാജയും സമീപകാലത്താണ് പോലിസിലെ ആര്‍എസ്എസ് സ്വാധീനത്തെക്കുറിച്ച് കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്. തുടര്‍ന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പോലിസില്‍ ആര്‍എസ്എസ് ഉണ്ട് എന്ന് സമ്മതിച്ചിരുന്നു. കേരളാ പോലിസിന്റെ കഴിഞ്ഞ കാലത്തെ പ്രവര്‍ത്തനം വിലയിരുത്തുന്ന ഏതൊരു പൗരനും ആര്‍എസ്എസ് ദുസ്സ്വാധീനം വ്യക്തമാകും. ടി പി സെന്‍കുമാര്‍, പി എന്‍ ഉണ്ണിരാജ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ ബോധ്യമുള്ളതാണ്.

പൊതുസമൂഹത്തില്‍ നിരന്തരം ഇടപെട്ട് പൊതുപ്രവര്‍ത്തനം നടത്തുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം രഹസ്യ വിവരം ശേഖരിക്കേണ്ട ആവശ്യമില്ല. ഇത് പാര്‍ട്ടിയെക്കുറിച്ച് തെറ്റിദ്ധാര പരത്തുന്നതിനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. പാര്‍ട്ടിക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ അസ്വസ്ഥരാകുന്നവരും അവരോടൊപ്പം നില്‍ക്കുന്ന ചില ഉദ്യോഗസ്ഥരുമാണ് ഇത്തരം ആരോപണങ്ങള്‍ക്കു പിന്നില്‍. ഇതിന് ഇടതുസര്‍ക്കാരും ആഭ്യന്തരവകുപ്പും കൂട്ടുനില്‍ക്കരുതെന്നും ആരോപണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിന് സമഗ്രവും സത്വരവുമായ ഇടപെടല്‍ നടത്തണമെന്നും അജ്മല്‍ ഇസ്മായീല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.


Tags: