യുവതികളെ ലക്ഷ്യമിട്ട് നഗ്നരായെത്തുന്ന സംഘം; ഡ്രോണ്‍ പരിശോധന ശക്തമാക്കി പോലിസ്
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ നഗ്നരായെത്തി സ്ത്രീകളെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് വലിച്ചിഴച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്ന സംഘത്തെ പിടികൂടാന്‍ പോലിസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ഇത്തരത്തില്‍ നാലു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനായിട്ടില്ലെങ്കിലും പോലിസ് ഡ്രോണ്‍ പരിശോധനയും സിസിടിവി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ഭാരാലാ ഗ്രാമത്തില്‍ ജോലിക്ക് പോകുന്ന വഴിയില്‍ യുവതിയെ രണ്ടംഗ സംഘം ഒരു കൃഷിയിടത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചു. യുവതി അലറിവിളിച്ചതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തന്നെ ആക്രമിച്ചവര്‍ വസ്ത്രമൊന്നും ധരിച്ചിരുന്നില്ലെന്നാണ് യുവതി നല്‍കിയ മൊഴി. മുന്‍പ് സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടും അപമാന ഭയം മൂലം പുറത്തുപറയാന്‍ സ്ത്രീകള്‍ തയ്യാറായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുവരെ സംഘം യുവതികളെയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് പോലിസ് ഡ്രോണ്‍ പരിശോധന, സിസിടിവി ക്യാമറ സ്ഥാപിക്കല്‍, വനിതാ പോലിസ് വിന്യാസം തുടങ്ങിയ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.