കഞ്ചാവ് കടത്തുന്നത് പോലിസ് വാഹനത്തില്‍; തലസ്ഥാനത്ത് പോലിസ്-മയക്കുമരുന്ന് മാഫിയയെന്ന് രഹസ്യാന്വേഷണവിഭാഗം

തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റില്‍പ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്‌നാട്, ആന്ധ്ര എന്നിവങ്ങളിടങ്ങളില്‍ നിന്നാണ് കഞ്ചാവ് പോലിസ് വാഹനത്തില്‍ കൊണ്ടുവന്നത്. ആരോപണമുയര്‍ന്നതോടെ മയക്ക് മരുന്ന് വേട്ടയ്ക്കായി രൂപീകരിച്ച ഡാന്‍സാഫ് പിരിച്ചുവിട്ടു

Update: 2021-09-22 07:28 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് പോലിസ് മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് രഹസ്യാന്വേഷണ റിപോര്‍ട്ട്. മയക്കുമരുന്ന് പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇന്റലിജന്‍സ് റിപോര്‍ട്ട് പുറത്ത് വന്നതോടെ ഡാന്‍സാഫ് പിരിച്ച് വിട്ടു.

ലോക്കല്‍ പോലിസ് ഡാന്‍സാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്റലിജന്‍സ് വിഭാഗം രഹസ്യാന്വേഷണം നടത്തിയത്.

ഡാന്‍സാഫ് അടുത്തിടെ തലസ്ഥാനത്തെ മെഡിക്കല്‍ കോളജ് പരിധിയിലും പേട്ട സ്‌റ്റേഷന്‍ പരിധിയിലും പിടിച്ച ചില കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കിലോ കണക്കിന് കഞ്ചാവ് കണ്ടെത്തിയെന്നായിരുന്നു ഈ കേസുകള്‍. ഇതിലെ പ്രതികളെയും ഡാന്‍സാഫ് 'സൃഷ്ടി'ച്ചതാണെന്ന് കണ്ടെത്തി.

ടാര്‍ഗറ്റ് തികയ്ക്കാന്‍ വേണ്ടി ഡാന്‍സാഫ് മയക്കുമരുന്ന് കച്ചവടക്കാരുടെ സഹായത്തോടെ നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയാണെന്നാണ് ഇന്റലിജന്‍സ് റിപോര്‍ട്ടില്‍ പറയുന്നത്. കഞ്ചാവ് വഴിയരികില്‍ ഉപേക്ഷിച്ച ശേഷം ലോക്കല്‍ പോലിസിനെ കൊണ്ട് കേസെടുപ്പിക്കുന്നു. തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റില്‍പ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്‌നാട്, ആന്ധ്ര എന്നിവങ്ങളിടങ്ങളില്‍ നിന്നാണ് വലിയ അളവില്‍ കഞ്ചാവ് പോലിസ് വാഹനത്തില്‍ കൊണ്ടുവന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി ചിലരെ കൊണ്ടുവന്ന് പ്രതിയാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

പോലിസ് കഞ്ചാവ് മൊത്ത വ്യാപാരികളെ ഒരിക്കലും പിടികൂടില്ല. ചില്ലറ വില്‍പനക്കാരെയും ഉപഭോക്താക്കളെയുമാണ് കേസില്‍ പ്രതിയാക്കുന്നത്. ചെറിയ അളിവില്‍ മാത്രമാണ് ഇവരില്‍ നിന്ന് മയക്ക് മരുന്ന് പിടികൂടുന്നത്. അതുകൊണ്ട് തന്നെ അവര്‍ എളുപ്പത്തില്‍ കേസില്‍ നിന്ന് രക്ഷപ്പെടും. യഥാര്‍ഥ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചാലും ലോക്കല്‍ പോലിസ് അവരെ പിടികൂടാറില്ല.

തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ കഞ്ചാവ് കടത്തുണ്ട്. കഞ്ചാവ് മൊത്ത വ്യാപാരികളുടെ കേന്ദ്രമാണ് ഇവിടം. പോലിസ് ജീപ്പിലും ആമ്പുലന്‍സിലുമാണ് കഞ്ചാവ് കടത്തുന്നതെന്ന വിവരം പുറത്ത് വന്നിരുന്നു.

Tags: