പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേ കളളക്കേസെടുക്കുന്നുവെന്ന് വസ്തുതാന്വേഷണ റിപോര്‍ട്ട്

കവിത കൃഷ്ണന്‍, യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍, നദീം ഖാന്‍ തുടങ്ങിയവരാണ് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Update: 2019-12-26 09:16 GMT

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് സംസ്ഥാനം കുറേ കാലമായി ഭയത്തിന്റെ നിഴലിലാണെന്നും പൗരത്വ ഭേദഗതി പ്രക്ഷോഭകര്‍ക്കെതിരേ പോലിസ് കള്ളക്കേസുകള്‍ ചുമത്തുകയാണെന്നും പൗരത്വ ഭേദഗതിക്കെതിരേ നടക്കുന്ന പോലിസ് നടപടിയെ കുറിച്ച് അന്വേഷിക്കുന്ന വസ്തുതാന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട്. ജനസംഖ്യാ പട്ടികയിലെ വിവരങ്ങള്‍ ഉപയോഗിച്ച് സംശയകരമായ പൗരന്മാരെ കണ്ടെത്താനും ദേശീയ പൗരത്വപട്ടിക തയ്യാറാക്കാനും സര്‍ക്കാരിന് കഴിയുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ പറഞ്ഞു. ജനസംഖ്യാ പട്ടികയെ കുറിച്ചും പൗരത്വ പട്ടികയെ കുറിച്ചും സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന പലതും വെറും നുണകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കവിത കൃഷ്ണന്‍(സിപിഐ എംഎല്‍), യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍, നദീം ഖാന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

യുപിയില്‍ സര്‍ക്കാര്‍ പൗരന്മാര്‍ക്കെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സ്വരാജ് ഇന്ത്യ പാര്‍ട്ടിയുടെ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ കള്ളക്കേസുകള്‍ ചുമത്തുകയാണെന്ന് സിപിഐ എം എല്‍ നേതാവ് കവിതാ കൃഷ്ണന്‍ പറഞ്ഞു. മീററ്റില്‍ വെടിയേറ്റു മരിച്ചവരില്‍ പലരും പ്രതിഷേധമായി ബന്ധമുള്ളവരല്ല. അവരില്‍ പലരും നിസ്‌കാരത്തിനു പോകുന്നവരോ തിരിച്ചുവരുന്നവരോ ആയിരുന്നു. ചിലര്‍ ഭക്ഷണത്തിനായി വീട്ടിലേക്ക് തിരിച്ചവരും. മിക്കവാറും പേര്‍ എന്താണ് സംഭവിക്കുന്നതെന്നു നോക്കി റോഡില്‍ നിന്നവരായിരുന്നു.

പ്രതിഷേധം പ്രകടിപ്പിക്കാന്‍ കറുത്ത ബാഡ്ജ് വിതരണം ചെയ്തുകൊണ്ടിരുന്ന ചെറുപ്പക്കാരനെതിരേ ഉണ്ടായ പോലിസ് നടപടിയോടെയാണ് മീററ്റില്‍ തുടക്കം. കുറച്ചുപേര്‍ അതില്‍ പ്രതിഷേധിച്ചു. പിന്നീട് പിരിഞ്ഞുപോകാന്‍ തുടങ്ങിയ ഇവരെ അതിന് പോലിസ് അനുവദിച്ചില്ല. ഒടുവില്‍ വെടിവച്ചിടുകയും ചെയ്തു. മിക്കവര്‍ക്കും പിന്‍ഭാഗത്താണ് വെടിയേറ്റിട്ടുള്ളത്.


Tags:    

Similar News