ദീപുവിന്റെ കൊലപാതകത്തില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു;ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎം പ്രവര്‍ത്തകര്‍ പ്രതികള്‍

സിപിഎമ്മിനെതിരെ ദീപു പ്രവര്‍ത്തിച്ചത് പ്രകോപനമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

Update: 2022-04-06 04:44 GMT

കൊച്ചി:കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു.ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം. സിപിഎമ്മിനെതിരെ ദീപു പ്രവര്‍ത്തിച്ചത് പ്രകോപനമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

സൈനുദ്ദീന്‍, അബ്ദുള്‍ റഹ്മാന്‍, ബഷീര്‍, അനീസ് എന്നിവരാണ് കേസിലെ പ്രതികള്‍.പ്രതികള്‍ ജാമ്യഹരജി നല്‍കിയതിന് പിന്നാലെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതക കുറ്റത്തിന് പുറമേ, എസ്‌സിഎസ്ടി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.കൊലപാതകം നടന്ന് ഒരുമാസത്തിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയായത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന് എതിരേയുള്ള വിളക്ക് അണക്കല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദീപുവിന്റെ മരണത്തില്‍ കലാശിച്ചത്.കിഴക്കമ്പലത്ത് വഴിവിളക്കുകള്‍ തെളിക്കുന്നതിനായി നടപ്പാക്കിയ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ചിനെതിരെ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ വിളക്കണയ്ക്കല്‍ സമരം നടത്തിയത്. എംഎല്‍എ കെഎസ്ഇബി ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതി നടപ്പാക്കുന്നതു തടയുന്നു എന്നായിരുന്നു ആക്ഷേപം.വിളക്കണയ്ക്കല്‍ സമരത്തില്‍ പങ്കെടുത്ത ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.തുടര്‍ന്ന് അവശനായ ദീപു പാര്‍ട്ടിക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയിരുന്നില്ല. പിന്നീട് ആരോഗ്യനില വഷളായതോടെ ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയയുള്‍പ്പെടെ നടത്തിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ദീപു മരിക്കുകയായിരുന്നു.


Tags:    

Similar News