ഗുണ്ടാ ആക്ടെങ്കിലും പ്രയോഗിക്കാന്‍ അനുവദിക്കണം; കമ്മീഷണറേറ്റ് ആവശ്യവുമായി വീണ്ടും പോലിസ്

പോലിസിന്റെ അമിതാധികാര പ്രയോഗം പൗരന്മാരെ അനാവശ്യമായി തുറങ്കിടലടക്കാന്‍ ഇടയാക്കുമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു

Update: 2021-07-05 05:23 GMT

തിരുവനന്തപുരം: മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ പോലിസിന് നല്‍കണമെന്ന കമ്മീഷണറേറ്റ് ആവശ്യം വീണ്ടും ഉയരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും കമ്മീഷണറേറ്റ് സ്ഥാപിക്കണം. പോലിസ് കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ നല്‍കണമെന്നുമാണ് ആവശ്യം.

ഗുണ്ടാ ആക്ടുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ജില്ലാ കലക്ട്രേറ്റുകളില്‍ കെട്ടിക്കിടന്നുവെന്നും ക്രമമസമാധാനം ഫലപ്രദമായി നടത്താന്‍ മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ പോലിസിന് നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. നേരത്തെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലും ഈ ആവശ്യം ഉയര്‍ന്നിരുന്നു. അന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.

ഇപ്പോള്‍ പോലിസ് ആവശ്യപ്പെടുന്നത് ഗുണ്ടാ ആക്ട് നടപ്പിലാക്കാനെങ്കിലും പോലിസിന് അധികാരം നല്‍കണമെന്നാണ്. നിലവിലുള്ള നിയമനുസരിച്ച് ഒരാളെ ഗുണ്ടാ ആക്ടില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ പോലിസ് ജില്ലാ കലക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. കലക്ടര്‍ ഈ അപേക്ഷ പരിശോധിച്ച ശേഷമാണ് ഒരാളെ ഗുണ്ടാ ആക്ടില്‍ ഉള്‍പ്പെടുത്താനാവുക.

എന്നാല്‍, പോലിസിന്റെ അമിതാധികാര പ്രയോഗം പൗരന്മാരെ അനാവശ്യമായി തുറങ്കിടലടക്കാന്‍ ഇടയാക്കുമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പോലിസിന്റെ ഈ ആവശ്യം നിരാകരിക്കുന്നത്.

Tags: