തിരുവല്ലത്ത് പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം; ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ

നിര്‍ധന കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കുറ്റക്കാരായ മുഴുവന്‍ പോലിസുകാര്‍ക്കെതിരേയും നടപടിയെടുക്കണം

Update: 2022-03-02 14:39 GMT

തിരുവനന്തപുരം: തിരുവല്ലത്ത് പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള. പോലിസ് കസറ്റഡിയില്‍ മരിച്ച സുരേഷ് കുമാറിന്റെ വസതി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂര്‍ണ ആരോഗ്യവാനായ സുരേഷ്‌കുമാര്‍(40) നെഞ്ചുവേദന വന്ന് മരിച്ചു എന്നത് വിശ്വസനീയമായ വിവരമല്ല. വീടിന് സമീപം ദുരൂഹസാഹചര്യത്തില്‍ കണ്ട ദമ്പതികളോട് വിവരങ്ങള്‍ ആരായുന്നതിനിടെയാണ് പോലിസെത്തി അതിക്രൂരമായി സുരേഷ് കുമാറിനെ മര്‍ദ്ദിച്ചത്. ഉന്നത പോലിസ് ഓഫിസറുമായി ബന്ധമുള്ള ദമ്പതികളാണ് രാത്രി 8.30ന് ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടത്. ഇവര്‍ വിളിച്ച്് പറഞ്ഞ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവല്ലം പോലിസ് യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്.

ഒരു പെറ്റിക്കേസ് പോലുമില്ലാത്ത ചെറുപ്പക്കാരനാണ് സുരേഷ് കുമാര്‍. സാധുകുടുംബത്തിന്റെ ഏക ആശ്രയവും സുരേഷായിരുന്നു എന്ന് കുടുംബം നേതാക്കളോട് പറഞ്ഞു. ഒരു അക്രമപ്രവര്‍ത്തനങ്ങളിലും നാളിതുവരെയായി സുരേഷ് പങ്കാളിയായിട്ടില്ല. പോലിസ് മരണവുമായി ബന്ധപ്പെട്ട് അവാസ്ഥവമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും കുടുംബം പറഞ്ഞു.

അതേസമയം, ജഡ്ജിക്കുന്ന് പ്രദേശത്ത് കഞ്ചാവ്-മയക്കുമരുന്ന്-മദ്യ മാഫിയകള്‍ താവളമടിക്കുന്നുണ്ട്. ആള്‍ താമസമില്ലാത്ത പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമാണ്. വിനോദ സഞ്ചാര കേന്ദ്രമല്ലാത്ത, സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് രാത്രിയില്‍ ദമ്പതികളെത്തിയത്. ദമ്പതികളുടെ വരവും ദൂരൂഹമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അതുകൊണ്ട് തന്നെ ഈ നിര്‍ധന കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. കുറ്റക്കാരായ മുഴുവന്‍ പോലിസുകാര്‍ക്കെതിരേയും നടപടിയെടുക്കണം. വിരമിച്ച ജില്ലാ ജഡ്ജി കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.

പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന, സെക്രട്ടറി സിയാദ് തൊളിക്കോട്, ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട്, നേമം മണ്ഡലം പ്രസിഡന്റ് അജ്മല്‍ കമലേശ്വരം, സെക്രട്ടറി നവാസ് കരിമ്പുവിള, ഷറഫുദ്ദീന്‍ പാച്ചല്ലൂര്‍ എന്നിവര്‍ സന്ദര്‍ശനസംഘത്തിലുണ്ടായിരുന്നു.

Tags: