ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പോലിസ് നടപടി കിരാതം: കെ സുധാകരന്‍ എംപി

Update: 2022-06-13 12:19 GMT

തിരുവനന്തപുരം: നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെള്ള കള്ളക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ ഹാജരായ രാഹുല്‍ ഗാന്ധിക്കൊപ്പം ഐക്യദാര്‍ഢ്യം അറിയിച്ച് അനുഗമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പോലിസ് നടപടി കിരാതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയെ പാര്‍ലമെന്റ് അംഗം എന്ന പരിഗണന പോലും നല്‍കാതെ പോലിസ് പിടിച്ചുതള്ളുകയും വലിച്ചിഴക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. പാലക്കാട് എംപി വി കെ ശ്രീകണ്ഠനേയും ഇടുക്കി എംപി ഡീന്‍ കൂര്യാക്കോസിനെയും ഉള്‍പ്പെടെയുള്ള നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു. ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ചതാണോ ഇവര്‍ ചെയ്ത കുറ്റമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. കേന്ദ്രസര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്.

മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കോണ്‍ഗ്രസ് നേതാക്കളെ ദേഹോപദ്രവം ചെയ്യുന്ന നടപടിയാണ് പോലിസിന്റെ ഭാഗത്തുനിന്നുമുണ്ടായത്. എഐസിസി ആസ്ഥാനത്ത് നിന്നും കാല്‍നടയായി ഇഡി ഓഫിസിലേക്ക് പോകാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തിന് അനുമതി നിഷേധിച്ചത് അതിന്റെ ഭാഗമാണ്. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരം മാത്രമാണ് നാഷനല്‍ ഹെറാള്‍ഡ് കേസ്. 2015ല്‍ അന്വേഷണം അവസാനിപ്പിച്ച കേസ് വീണ്ടും കുത്തിപ്പൊക്കിയതില്‍ ബിജെപിക്ക് പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള കരുനീക്കങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കഴിഞ്ഞ എട്ടുവര്‍ഷം അന്വേഷണം നടത്തിയിട്ടും ഇതുവരെ നെഹ്‌റു കുടുംബത്തിനെതിരായി തെളിവ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. കള്ളക്കേസെടുത്ത് കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തിന്റെയും ഭരണ മികവിന്റെയും ഭാഗമായി രാജ്യത്ത് പടുത്തുയര്‍ത്തിയ വികസനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യകുത്തകള്‍ക്ക് തീറെഴുതിയ പാരമ്പര്യം മാത്രമാണ് ബിജെപിക്കുള്ളത്. അഴിമതി നടത്തി പണം സമ്പാദിക്കേണ്ട ഗതികേട് നെഹ്‌റു കുടുംബത്തിനില്ല.മോദി സര്‍ക്കാരിന്റെ ജനാധിത്യവിരുദ്ധ നടപടികള്‍ക്കെതിരെ മതേതരവിശ്വാസികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    

Similar News