ഗാന്ധിവധത്തെ കുറിച്ചുള്ള പുസ്തക ചർച്ച: ക്രമസമാധാനം ചൂണ്ടിക്കാട്ടി പരിപാടിക്ക് അനുമതി നിഷേധിച്ച് പോലിസ്
അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള പുസ്തകം ചർച്ച ചെയ്യുന്ന പരിപാടി റദ്ദാക്കി അധികൃതർ. പോലിസ് അനുമതി നിഷേധിച്ചതിനേ തുടർന്നാണ് നടപടി.
സൂറത്ത് എൻജിഒ പ്രാർത്ഥന സംഘവും മൈത്രി ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച 'ഗോഡ്‌സെ നെ ഗാന്ധി കോ ക്യോം മാര' (ഗോഡ്‌സെ ഗാന്ധിയെ എന്തിനാണ് കൊന്നത്) എന്ന പരിപാടി കവിയും എഴുത്തുകാരനുമായ അശോക് കുമാർ പാണ്ഡെയുടെ 'ഉസ്‌നെ ഗാന്ധി കോ ക്യോം മാര' എന്ന ഹിന്ദി പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ജീവൻ ഭാരതി ട്രസ്റ്റ് നടത്തുന്ന നാൻപുരയിലെ റോട്ടറി ഹാളിൽ വ്യാഴാഴ്ച പരിപാടി നടക്കേണ്ടതായിരുന്നു.
എന്നാൽ ബുധനാഴ്ച രാത്രി, അത്‌വാലൈൻസ് പോലിസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പരിപാടിക്ക് സംഘാടകർ പോലിസ് അനുമതി നേടിയിട്ടുണ്ടോ എന്ന് അന്വേഷണവുമായി രംഗത്തെത്തി. പോലിസ് അനുമതിയില്ലാതെ പരിപാടി മുന്നോട്ട് പോയാൽ, പരിപാടിയുടെ സംഘാടകർക്കും ജീവൻ ഭാരതി ട്രസ്റ്റിന്റെ ട്രസ്റ്റികൾക്കുമെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനെ തുടർന്ന് പരിപാടി ഒഴിവാക്കുകയായിരുന്നു.
"ഇതൊരു പഴക്കമുള്ള ഹാളാണ്, കഴിഞ്ഞ വർഷം മുഴുവൻ നവീകരണ പ്രവർത്തനങ്ങൾ കാരണം പൊതു പരിപാടികൾക്കായി ഹാൾ അടച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തെ പരിപാടി നവീകരണത്തിന് ശേഷമുള്ള ആദ്യത്തേതായിരുന്നു. ഇന്നുവരെ ഹാളിൽ നടക്കുന്ന ഒരു പരിപാടിക്കും ഞങ്ങൾ പോലീസിന്റെ അനുമതി വാങ്ങിയിട്ടില്ല" എന്ന് ജീവൻ ഭാരതി ട്രസ്റ്റിന്റെ മാനേജർ കൽപേഷ് പട്ടേൽ പറഞ്ഞു
ഇക്കാലത്ത് ഗാന്ധിജിയുടെ ഘാതകനെക്കുറിച്ച് നമുക്ക് സംസാരിക്കാൻ കഴിയാത്തത് ലജ്ജാകരമാണെന്നും. പ്രശസ്ത കവി നർമ്മദിന്റെ നാടായ സൂററ്റ് നഗരത്തിൽ ഇത്തരമൊരു പരിപാടി അനുവദിക്കാത്തതിന് ഉത്തരവാദികൾ ഏതൊക്കെ ശക്തികളാണ് എന്നതാണ് ചിന്തിക്കേണ്ടതെന്നും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാതിരിക്കുന്നതിലൂടെ, ഇന്ത്യൻ ഭരണഘടന നമുക്ക് അനുവദിച്ചിരിക്കുന്ന സംസാര സ്വാതന്ത്ര്യത്തെ അത് വ്യക്തമായി ലംഘിക്കുന്നുവെന്നും പ്രൊഫസർ കിഷോർ ദേശായി പറഞ്ഞു.
