വാളയാര്‍ വിഷയത്തില്‍ പ്രതിഷേധിച്ച വനിതാ നേതാക്കളെ മാറില്‍ പിടിച്ചും കഴുത്ത് ഞെരിച്ചും വനിതാ പോലീസ്, വ്യാപക പ്രതിഷേധം

തിരുവനന്തപുരത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടയിലാണ് പോലിസിന്റെ അതിക്രമം.

Update: 2019-10-29 18:28 GMT

തിരുവനന്തപുരം: വാളയാര്‍ കേസില്‍ പോലിസിനുണ്ടായ വീഴ്ചയില്‍ പ്രതിഷേധിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നേതാവായ ശ്രീജ നെയ്യാറ്റിന്‍കരയെ മാറില്‍ പിടിച്ചും കഴുത്തു ഞെരിച്ചും കൈയേറ്റം ചെയ്തു. എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ വിനീത വിജയനെയും കൈയേറ്റം ചെയ്തിട്ടുണ്ട്. അവരുടെ സാരിയടക്കം പോലിസ് ഉരിഞ്ഞെടുത്തു. തിരുവനന്തപുരത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടയിലാണ് പോലിസിന്റെ അതിക്രമം.

''വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ മുദ്രാവാക്യം മുഴക്കുന്നത് തടസപ്പെടുത്താനായിരുന്നു, മാറില്‍ പിടിച്ചും കഴുത്ത് ഞെരിച്ചും വനിതാ പോലീസിന്റെ തോന്ന്യാസത്തരങ്ങള്‍. പരിപാടിയില്‍ പങ്കെടുത്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ വിനീത വിജയനും അനുഭവം മറ്റൊന്നല്ല. അവരുടെ സാരിയടക്കം വലിച്ചഴിച്ചു.'' വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാവുകൂടിയായ ശ്രീജ പറഞ്ഞു. കസ്റ്റഡിയിലെടുത്ത തനിക്ക് അരമണിക്കൂറു നേരം സംസാരിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് അവര്‍ പറയുന്നു.

പ്രതിഷേധങ്ങള്‍ ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, സിപിഐയുടെ പ്രതിഷേധമാര്‍ച്ചിനോട് പോലിസ് സംയമനം പാലിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.

കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പുറത്തിറങ്ങിയ ശേഷം വിനീത വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

Tags:    

Similar News