'പോലിസ് കുറച്ചാളുകളെ സംരക്ഷിക്കാനല്ല, ജനങ്ങളുടെ സുരക്ഷക്ക്'; നിലപാട് വ്യക്തമാക്കി പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍

Update: 2022-03-12 16:08 GMT

സന്‍ഗ്രൂര്‍; പോലിസ് സംവിധാനം ഏതാനും കുറച്ചുപേരുടെ സംരക്ഷണത്തിനല്ലെന്നും പൊതുജനത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനാണെന്നും പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍. പോലിസുകാരെക്കൊണ്ട് പോലിസ് ജോലികള്‍ മാത്രമേ ചെയ്യുക്കൂ എന്നും അദ്ദേഹം പറഞ്ഞു.

'പോലിസ് സ്‌റ്റേഷനുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പോലിസുകാരെക്കൊണ്ട് പോലിസ് ജോലികള്‍ മാത്രമേ ചെയ്യിക്കൂ. ഏതാനും പേരുടെ സുരക്ഷയേക്കാള്‍ കൂടുതല്‍ പ്രധാനം ജനങ്ങളുടെ സുരക്ഷയാണ്'- മുഖ്യമന്ത്രി പറഞ്ഞു.

പുതിയ സര്‍ക്കാര്‍ മുന്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നല്‍കിയിരുന്ന സുരക്ഷ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാന്‍.

'പോലിസ് രാഷ്ട്രീയക്കാര്‍ക്കാണ് സുരക്ഷയൊരുക്കുന്നത്. വിന്യസിക്കേണ്ട സ്ഥലത്ത് ഞങ്ങള്‍ പോലിസിനെ വിന്യസിക്കും. പഞ്ചാബിലെ ജനങ്ങളുടെ സുരക്ഷയാണ് കൂടുതല്‍ പ്രധാനം. ഞാന്‍ തന്നെ അങ്ങനെയാണ് ജീവിക്കുന്നത്.'- അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 16നാണ് ഭഗവന്ത് സിങ് മാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കുക. 

Tags: