ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കെതിരായ പോലിസ് ഗുണ്ടായിസം അവസാനിപ്പിക്കണം: കെ റെയില്‍ വിരുദ്ധ ജനകീയ സമിതി

നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി ഭൂസര്‍വേക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ജനാധിപത്യപരമായി സമരം ചെയ്ത സാധാരണക്കാരെയും സമരസമിതി അംഗങ്ങളെയും പോലിസ് അന്യായമായി കസ്റ്റഡിയില്‍ എടുത്തതില്‍ സമരസമിതി പ്രതിഷേധിച്ചു

Update: 2021-12-01 12:55 GMT

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വേ ബോര്‍ഡിന്റെയോ അനുമതിയില്ലാതെ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന കെ റെയില്‍-സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി. ഇതിനെ ചോദ്യം ചെയ്തു സമരസമിതി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കെ റെയില്‍ കോര്‍പറേഷനോടും സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലും പദ്ധതി പ്രവര്‍ത്തനങ്ങളുമായി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി ഭൂസര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ജനാധിപത്യപരമായി സമരം ചെയ്ത സാധാരണക്കാരായ ജനങ്ങളെയും സമരസമിതി അംഗങ്ങളെയും പോലിസ് അന്യായമായി കസ്റ്റഡിയിലെടുത്തതില്‍ സമരസമിതി ശക്തമായ പ്രതിഷേധിച്ചു. പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹ്യമായും കേരളത്തെ തകര്‍ക്കുന്ന നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള സമൂഹം ഒന്നാകെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഒരുലക്ഷത്തിലേറെ ജനങ്ങളെ കുടിയിറക്കുന്ന പദ്ധതിയുടെ ഗുണം ലഭിക്കുക വിരലിലെണ്ണാവുന്ന അതിസമ്പന്നര്‍ക്ക് മാത്രം ആയിരിക്കുമെന്നും പദ്ധതിയെപ്പറ്റി പഠനം നടത്തിയവര്‍ പറയുന്നു. ഇതിനായി വന്‍തോതില്‍ വായ്പ എടുക്കുന്നത് നിലവില്‍ തന്നെ പ്രതിസന്ധിയിലായ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കരകയറാന്‍ ആകാത്ത ദുരന്തത്തിലേക്ക് ആവും തള്ളിയിടുക. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നവരെ വികസന വിരുദ്ധരായി മുദ്രകുത്തി സമരത്തെ തകര്‍ക്കാന്‍ നടത്തുന്ന തന്ത്രങ്ങള്‍ വിലപ്പോകില്ല. കക്ഷിരാഷ്ട്രീയത്തിനെതിരായ ജനസമരങ്ങളെ ഇല്ലാതാക്കാന്‍ പോലിസിന്റെ കയ്യൂക്ക് ഉപയോഗിച്ചാല്‍ സര്‍ക്കാര്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും സമിതി വാര്‍ത്താക്കുറുപ്പില്‍ മുന്നറിയിപ്പ് നല്‍കി.

Tags: