ചങ്ങനാശ്ശേരി കെറെയില്‍ സമരത്തിനിടെ പോലിസ് അതിക്രമം; പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

അക്രമം നടത്തി കാര്യങ്ങള്‍ അട്ടിമറിക്കാം എന്ന നിലയിലേക്ക് കോണ്‍ഗ്രസ് എത്തിയെന്ന് മുഖ്യമന്ത്രി

Update: 2022-03-17 12:11 GMT

തിരുവനന്തപുരം: ചങ്ങനാശ്ശേരിയില്‍ കെ റെയില്‍ പ്രതിഷേധത്തിനിടെയുണ്ടായ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. അതേസമയം പ്രതിപക്ഷം അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

ധനാഭ്യര്‍ത്ഥന ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ചങ്ങനാശ്ശേരിയില്‍ പ്രക്ഷോഭവും പോലിസ് നടപടിയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ ഉറപ്പുകള്‍ക്ക് വിരുദ്ധമായി സര്‍വേയുടെ പേരില്‍ ജനങ്ങളെ ഉപദ്രവിക്കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നിറങ്ങി പോകുകയാണെന്നും വിഡി സതീശന്‍ പ്രഖ്യാപിച്ചു. 

എന്നാല്‍, പ്രതിപക്ഷം വാക്കൗട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി മുഖ്യമന്ത്രി എഴുന്നേറ്റു. കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ സമാധാനപരമായാണ് നടക്കുന്നത്. ഇവിടെ ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നു വരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു സംഘര്‍ഷാവസ്ഥയുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. തെറ്റായ ഇടപെടലും പ്രകോപനം സൃഷ്ടിക്കലും പോലിസിനേയും സര്‍വ്വേയ്ക്ക് എത്തിയ തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളും നടക്കുകയാണ്. ഈ പദ്ധതിക്കെതിരെ യുഡിഎഫില്‍ തന്നെ പല അഭിപ്രായമുണ്ട്. അതിനെ മറികടക്കാന്‍ അക്രമങ്ങളിലൂടെ ഐക്യമുണ്ടാക്കാന്‍ ശ്രമിക്കരുത്. അക്രമം നടത്തി കാര്യങ്ങള്‍ അട്ടിമറിക്കാം എന്ന നിലയിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുകയാണ് പ്രതിപക്ഷത്തെ അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്റേയും ഉമ്മന്‍ ചാണ്ടിയുടേയും നേതൃത്വത്തില്‍ യുഡിഎഫ് എംഎല്‍എമാ!ര്‍ നിയമസഭയുടെ പ്രവേശന കവാടത്തിലെത്തി. ഇവിടെ വച്ച് മാധ്യമങ്ങളെ കണ്ട വിഡി സതീശന്‍ പോലിസ് നടപടിക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് നടത്തിയത്. 

Tags:    

Similar News