വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ പ്രധാനമന്ത്രിയുടേത്, ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക്; പരിഹാസവുമായി പ്രിയങ്ക

ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ഉപകരണം എന്നതിനേക്കാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ പ്രചാരണത്തിനുള്ള വസ്തുവായിട്ടാണ് വാക്‌സിനെ കാണുന്നത്

Update: 2021-05-26 16:49 GMT

ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി. വാക്‌സിന്‍ എടുത്തവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ഫോട്ടോ പതിക്കുന്ന പ്രധാനമന്ത്രി, പക്ഷേ വാക്‌സിന്‍ നല്‍കുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ഉപകരണം എന്നതിനേക്കാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ പ്രചാരണത്തിനുള്ള വസ്തുവായിട്ടാണ് വാക്‌സിനെ കാണുന്നത്. പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ ഇത്തരം സമീപനമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റുകളില്‍ പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രാധാന്യം വിദഗ്ധര്‍ ആവര്‍ത്തിച്ച് എടുത്തുകാണിക്കുമ്പോള്‍ രാജ്യത്ത് വാക്സിന്‍ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. വാക്‌സിനുകള്‍ക്കായി ആഗോള ടെണ്ടര്‍ എടുക്കാന്‍ ഇന്ന് സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നും കമ്പനികള്‍ അവരെ നിരാശരാക്കിയിട്ടുണ്ടെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഒട്ടും നടപടിയെടുക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. മോഡി സര്‍ക്കാര്‍ രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തിന്റെ ചതുപ്പുനിലത്തിലേക്ക് തള്ളിവിട്ടുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

Tags:    

Similar News