പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി റദ്ദാക്കിയത് ജനങ്ങളെ ഭയന്നിട്ട്; നരേന്ദ്ര മോദിക്കെതിരേ രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരി

Update: 2022-02-07 09:07 GMT

ബിജ്‌നോര്‍; ബിജ്‌നോറില്‍ ഇന്ന് നിശ്ചയിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്‍വലിഞ്ഞത് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തത് ഭയന്നിട്ടെന്ന് രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരി. യുപിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പ്രധാനമന്ത്രിയുടെ ആദ്യ റാലിയാണ് ഇന്ന് റദ്ദാക്കിയത്. മോശം കാലാവസ്ഥയാണ് കാരണമായി പറഞ്ഞിരുന്നത്.

ജനങ്ങളെ നേരിടാന്‍ ബിജെപിക്കും പ്രധാനമന്ത്രിക്കും പേടിയാണെന്നും ജയന്ത് ആരോപിച്ചു. ജാട്ടുകള്‍ക്കും കര്‍ഷകര്‍ക്കും ഇടയില്‍ വലിയ സ്വാധീനമുളള നേതാവാണ് മുന്‍ പ്രധാനമന്ത്രി ചരന്‍സിങ്ങിന്റെ കൊച്ചുമകനായ ജയന്ത് ചൗധരി. 

'ബിജ്‌നോറില്‍ മെച്ചപ്പെട്ട വൈദ്യുതിയും വികസനവും ബിജെപി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി ഇന്ന് അവരെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. അതിനാല്‍ പെട്ടെന്ന് ബിജെപിയുടെ കാലാവസ്ഥ മോശമായി'- ജയന്ത് ആരോപിച്ചു.

ബിജ്‌നോറില്‍ എട്ട് നിയമസഭാ മണ്ഡലങ്ങളുണ്ട്. അതില്‍ അഞ്ചെണ്ണം ബിജെപിയും മൂന്നെണ്ണം സമാജ് വാദി പാര്‍ട്ടിയുമാണ് ഭരിക്കുന്നത്. ദലിതരും മുസ് ലികളും തിങ്ങിപ്പാര്‍ക്കുന്ന ഈ ജില്ലയില്‍ അവരുടെ ജനസംഖ്യ അമ്പത് ശതമാനം വരും. ബിജ്‌നോര്‍ നാഗിന എന്നീ രണ്ട് ലോക്‌സഭാ മണ്ഡലവും ഈ ജില്ലിയിലാണ്. നേരത്തെ ഈ രണ്ട് മണ്ഡലങ്ങളും ബിഎസ്പിയുടെ കയ്യിലായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി സഖ്യത്തിന്റെ ഭാഗമാണ് രാഷ്ട്രീയ ലോക് ദള്‍.

Tags: