അംപന്‍ ചുഴലിക്കാറ്റ്: ദുരന്ത ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തും

Update: 2020-05-22 05:06 GMT

ന്യൂഡല്‍ഹി: ബംഗാളിലെയും ഒഡിഷയിലെയും അംപന്‍ ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തും. 72 പേരുടെ മരണത്തിനു കാരണമായ അംപന്‍ കൊറോണയേക്കാള്‍ അപകടകാരിയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു.

ബംഗാളില്‍ വ്യാപകമായ നാശം വിതച്ച അംപന്‍ തലസ്ഥാനത്തും ദുരിതം വിതച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, ആയിരങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. മരങ്ങള്‍ കടപുഴകി. വൈദ്യുതിവിതരണ സംവിധാനങ്ങളെയും ബാധിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി ഡല്‍ഹിയില്‍ നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നത്. ഫെബ്രുവരി 29നായിരുന്നു പ്രധാനമന്ത്രിയുടെ അവസാന യാത്ര. അന്ന് യുപിയിലെ പ്രയാഗ്‌രാജും ചത്രകൂടവും സന്ദര്‍ശിച്ചു. പിന്നീട് 83 ദിവസം അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് പുറത്തുപോയിരുന്നില്ല.

ബംഗാളില്‍ നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. സംസ്ഥാനത്ത് ചുഴലിക്കാറ്റ് 1 ലക്ഷംകോടിയുടെ നാശനഷ്ടമുണ്ടാക്കിയെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ കണക്ക്. മുഴുവന്‍ രാജ്യവും ബംഗാളിനൊപ്പം നില്‍ക്കുമെന്ന് ഇന്ന് രാവിലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ദുരിതബാധിതരായ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ബംഗാള്‍ യാത്രയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. വ്യോമനിരീക്ഷണത്തിനും സര്‍വ്വെയ്ക്കും ശേഷം ഇരുവരും നോര്‍ത്ത് 24 പര്‍ഗാനാസിലെ ബിഷിറാത്തില്‍ വച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

മീറ്റിങ്ങിനു ശേഷം പ്രധാനമന്ത്രി ഒഡീഷ സന്ദര്‍ശിക്കും. ബംഗാളിനെ പോലെത്തന്നെ ഒഡീഷയിലും വാര്‍ത്താവിനിമയ വൈദ്യുതി സംവിധാനങ്ങളും മറ്റും തകര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ 44.8 ലക്ഷംപേരെയാണ് അംപന്‍ ചുഴലിക്കാറ്റ് ബാധിച്ചിതെന്നന്നാണ് ബംഗാള്‍ മുഖമന്ത്രി അറിയിച്ചത്.

Tags:    

Similar News