നിയമസഭാ സമ്മേളനങ്ങള്‍, ഒമിക്രോണ്‍; പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര കാബിനറ്റ് യോഗം ഇന്ന്

Update: 2021-12-29 03:32 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കാബിനറ്റ് യോഗം വിളിക്കുന്നു. ഒമിക്രോണിനു പുറമെ അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. വൈകീട്ട് നാല് മണിക്കാണ് യോഗം നടക്കുന്നത്. 

കാബിനറ്റ് യോഗത്തില്‍ എല്ലാ മന്ത്രിമാരും പങ്കെടുത്തേക്കും. യുപിയിലും പഞ്ചാബിലും നടക്കുന്ന തിരഞ്ഞെടുപ്പുകളാണ് മുഖ്യ അജണ്ട. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യുമോയെന്ന് വ്യക്തമല്ല. തിരഞ്ഞെടപ്പ് രണ്ട് മാസം മാറ്റിവയ്ക്കാന്‍ അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിരുന്നു. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ യോഗത്തില്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അടുത്ത ദിവസം നല്‍കിയ കത്തില്‍ ഒമിക്രോണ്‍ വ്യാപനത്തിനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വാര്‍റൂം സജ്ജീകരിക്കാനും ആവശ്യപ്പെട്ടു.

രാജ്യത്ത് ഇതുവരെ 653 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.