പിഎം ശ്രീ; പദ്ധതി മരവിപ്പിക്കാന്‍ കേരളം കേന്ദ്രത്തിന് കത്തയച്ചു

കത്തയച്ചത് സിപിഐയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്

Update: 2025-11-12 10:20 GMT

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കാന്‍ കേരളം കേന്ദ്രത്തിന് കത്തയച്ചു. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. സിപിഐ ഇന്ന് രാവിലെ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നീക്കം. കത്തയക്കുന്നത് നീണ്ടുപോകുന്നുവെന്ന് സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു.

പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. കേന്ദ്രത്തിന് കത്ത് നല്‍കാന്‍ പ്രത്യേക മുഹൂര്‍ത്തം നിശ്ചയിച്ചിട്ടില്ലെന്നും, അതിനായി കാത്തിരിപ്പില്ലെന്നും സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

കരാര്‍ മരവിപ്പിക്കാന്‍ ധാരണയായതോടെ, ഈവര്‍ഷം പിഎംശ്രീയിലേക്കുള്ള സ്‌കൂള്‍ തിരഞ്ഞെടുക്കില്ലെന്ന് ഉറപ്പായി. നേരത്തെ, പിഎംശ്രീ മരവിപ്പിക്കാന്‍ കേരളം കത്തയക്കും എന്നുള്ള സൂചനയുണ്ടായപ്പോള്‍ അത് അറിയില്ലെന്നും ഇക്കാര്യത്തില്‍ രേഖാമൂലം കേരളത്തിന്റെ അറിയിപ്പ് കിട്ടിയാല്‍ നിലപാട് അറിയിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞിരുന്നു. വ്യവസ്ഥകളില്‍ ഒരു സംസ്ഥാനത്തിനുമാത്രമായി ഇളവുനല്‍കാനാകുമെന്ന് കരുതുന്നില്ലെന്നും പദ്ധതി ഏതുവിധത്തില്‍ നടപ്പാക്കണമെന്നത് സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നുമാണ് ഔദ്യോഗികവൃത്തങ്ങള്‍ പ്രതികരിച്ചത്. ഇപ്പോള്‍ കത്തയച്ച സ്ഥിതിക്ക് കേന്ദ്രത്തിന്റെ നിലപാട് എന്താണ് എന്ന് അറിയാന്‍ കാത്തിരിക്കേണ്ടി വരും.

Tags: