'ഓരോ ഇന്ത്യന്‍ പൗരനും ഐക്യത്തോടെ നില്‍ക്കേണ്ടതുണ്ട്'; സര്‍വകക്ഷി യോഗം അവസാനിച്ചു

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അവസാനിച്ചു. സര്‍ക്കാര്‍ എല്ലാ കക്ഷികളോടും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ചു. ഇന്ത്യയുടെ ഭാഗത്തു നിന്നു കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാകില്ലെന്ന് രാജ്‌നാഥ് സിങ് അറിയിച്ചതായി സൂചനയുണ്ട്. 'ഓരോ ഇന്ത്യന്‍ പൗരനും ഐക്യത്തോടെ നില്‍ക്കേണ്ടതുണ്ട്' എന്നായിരുന്നു സര്‍വകക്ഷി യോഗത്തിനുള്ള പ്രധാനമന്ത്രിയുടെ സന്ദേശം.
ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, മന്ത്രിമാരായ ജെ പി നദ്ദ, നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള സന്ദീപ് ബന്ദോപാധ്യായയും ഡിഎംകെയുടെ ടി ആര്‍ ബാലുവും യോഗത്തില്‍ പങ്കെടുത്തു.
സമാജ്വാദി പാര്‍ട്ടിയുടെ രാം ഗോപാല്‍ യാദവ്, എഎപിയുടെ സഞ്ജയ് സിങ്, ശിവസേനയുടെ (യുബിടി) സഞ്ജയ് റാവത്ത്, എന്‍സിപിയുടെ (എസ്പി) സുപ്രിയ സുലെ, എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി, ബിജെഡിയുടെ സസ്മിത് പത്ര എന്നിവരാണ് പങ്കെടുത്ത മറ്റു നേതാക്കള്‍.
പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തതില്‍ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തി. യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തങ്ങള്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കി.