ഭരണഘടനക്കെതിരായ മോദിയുടെയും അമിത് ഷായുടെയും ആക്രമണം അംഗീകരിക്കില്ല: രാഹുൽ ഗാന്ധി

Update: 2024-06-24 09:49 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഭരണഘടനയെ ആക്രമിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ കാര്യം വ്യക്തമാക്കിയത്. 'ഭരണഘടനക്കെതിരെ പ്രധാനമന്ത്രിയും അമിത് ഷായും നടത്തുന്ന ആക്രമണം സ്വീകാര്യമല്ല. ഇത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഒരു ശക്തിക്കും ഭരണഘടനയെ തൊടാനാവില്ലെന്നും' രാഹുല്‍ ഗാന്ധി പറഞ്ഞു.

1975ല്‍ നടപ്പാക്കിയ അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. അടിയന്തരാവസ്ഥ കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി പൗരാവകാശങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ചു. പ്രതിപക്ഷ നേതാക്കളെയും വിമതരെയും ജയിലിലടച്ചു. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. നമ്മുടെ ഭരണഘടനയെ സംരക്ഷിച്ചുകൊണ്ടും, ഇന്ത്യയുടെ ജനാധിപത്യത്തെയും ജനാധിപത്യ പാരമ്പര്യങ്ങളെയും ഉള്‍കൊണ്ടും 50 വര്‍ഷം മുമ്പ് ചെയ്ത ഇത്തരം ഒരു കാര്യം ഇന്ത്യയില്‍ ആരും ചെയ്യാന്‍ ധൈര്യപ്പെടില്ല എന്ന കാര്യം രാജ്യത്തെ ജനങ്ങള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സാധാരണക്കാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടരും.ഞങ്ങളുടെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തുന്നുണ്ട്. ഒരു ശക്തിക്കും ഇന്ത്യന്‍ ഭരണഘടനയെ തൊടാന്‍ കഴിയില്ല. ഞങ്ങള്‍ അത് സംരക്ഷിക്കും' രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Tags: