കശ്മീർ വിഷയത്തിൽ ട്രംപിനെ തള്ളി ഇന്ത്യ

Update: 2019-07-23 01:24 GMT

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയുടെ സഹായം തേടിയെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ തള്ളി ഇന്ത്യ. വിഷയത്തിൽ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും മധ്യസ്ഥതയ്ക്കായി ഒരു നിർദ്ദേശവും നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ കശ്മീരിൽ പ്രശ്ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. കശ്‍മീര്‍ വിഷയത്തില്‍ രണ്ടാഴ്ച മുമ്പ് മോദി അമേരിക്കയുടെ മധ്യസ്ഥത തേടിയെന്നായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വൈറ്റ് ഹൗസിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പരാമർശം. അതേസമയം, ട്രംപിന്റെ പ്രസ്താവന പ്രതിപക്ഷം ഏറ്റെടുത്തു. ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിലും ഉന്നയിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി സപ്തംബറിൽ അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

Similar News